ഡയമണ്ട് വോയ്‌സ്
- Published in സംഗീതം
- Written by പൗരധ്വനി
- Be the first to comment!
നജിം അര്‍ഷാദ് സന്തോഷത്തിലാണ്. തുടര്‍ച്ചയായി നാല് ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ നജീമിന്റെ ഡയമണ്ട് വോയ്‌സ് തരംഗം തീര്‍ക്കുകയാണ്. 'ദൃശ്യ'ത്തിലെ 'മാരിവില്‍...' 'ഒരു ഇന്ത്യന്‍ പ്രണയകഥ'യിലെ 'ഓമനപ്പൂവേ...' എന്നിവ മൂളാത്ത സംഗീത പ്രേമികള്‍ ഇപ്പോഴുണ്ടാവില്ല. പുറത്തിറങ്ങാനിരിക്കുന്ന 25-ഓളം ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ ഈ ഗായകന്‍.
'2013-ല്‍ 16 ചിത്രത്തിലും 2012-ല്‍ 14 ചിത്രത്തിലും ഞാന്‍ പാടി. ഒട്ടേറെ ഹിറ്റുകളുണ്ടായി. സന്തോഷകരം തന്നെ. പക്ഷേ, ചിത്രങ്ങളുടെ എണ്ണത്തില്‍ അത്രയേറെ കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഒരു വര്‍ഷം ഒരു ചിത്രമാണെങ്കില്‍ക്കൂടി അതിലെ ഗാനം ആസ്വാദകശ്രദ്ധനേടണമെന്നു മാത്രമാണ് പ്രാര്‍ഥന. തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ കൈയൊപ്പ് പതിഞ്ഞ ചില സംഗീത മുദ്രകള്‍ ഓര്‍മിക്കത്തക്കതായി ഉണ്ടാകണം എന്ന് മാത്രമാണ് ചിന്ത'.
2007-ല്‍ ഐഡിയ സ്റ്റാര്‍സിങ്ങര്‍ സീസണ്‍ രണ്ടിലെ ജേതാവായാണ് നജീമിന്റെ സൂപ്പര്‍ തുടക്കം. അതിനുള്ളില്‍ത്തന്നെ മേജര്‍രവിയുടെ മമ്മൂട്ടിച്ചിത്രമായ 'മിഷന്‍ 90 ഡെയ്‌സി'ലെ മിഴിനീര്‍... എന്ന ഗാനം നജീം പാടിക്കഴിഞ്ഞിരുന്നു. പിന്നെ 2011-വരെ ഒമ്പതുചിത്രങ്ങളില്‍ പാടി. പലതും മികച്ച പാട്ടുകള്‍. പക്ഷേ, കരിയര്‍ ബ്രേക്ക് പിറന്നത് 2012-ലാണ്. ലാല്‍ ജോസിന്റെ 'ഡയമണ്ട് നെക്‌ലേസി'ലെ 'തൊട്ട് തൊട്ട് തൊട്ടു നോക്കാതെ..' എന്ന വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനത്തിലൂടെ. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ഏഴുവര്‍ഷത്തിനിടെ 67 ചിത്രങ്ങളിലായി 80-ഓളം ഗാനങ്ങളാണ് ആ സുവര്‍ണ ശബ്ദത്തില്‍ ഒഴുകിയത്. ഇതിനിടെ നാല് തമിഴ്ചിത്രത്തിലും ഒരു മറാഠി സിനിമയിലും പാടി. ഔസേപ്പച്ചന്‍ ഈണം നല്‍കുന്ന 'ഗര്‍ഭശ്രീമാന്‍', മോഹന്‍സിതാര ഈണമിടുന്ന 'നൂറ വിത്ത് ലവ്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് നജീമിന്റെ പുതിയ പ്രതീക്ഷകള്‍. നിക്കാഹ്(ഗോപി സുന്ദര്‍), തക്കാളി (ജാസി ഗിഫ്റ്റ്), റാസ്പുട്ടിന്‍(റോബി അബ്രഹാം) എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ഉടനെ പുറത്തിറങ്ങും.
മലയാള സിനിമയിലാണ് ഇപ്പോള്‍ വൈവിധ്യം നിറഞ്ഞ ഗാനങ്ങള്‍ ഉണ്ടാകുന്നതെന്ന് നജീം കരുതുന്നു. 'മലയാള സിനിമ ഇപ്പോഴും സംഗീതത്തിന്റെ സുവര്‍ണകാലത്താണെന്നതാണ് എന്റെ കാഴ്ചപ്പാട്, പുതു തലമുറയുടെ അഭിരുചിക്കനുസരിച്ചുള്ള ഗാനങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡുകളാണ്'-നജീം പറയുന്നു. റിയാലിറ്റിഷോകള്‍ ഗായകരുടെ യഥാര്‍ഥ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന വിമര്‍ശനങ്ങളോട് നജീം യോജിക്കുന്നില്ല. എന്റെ സംഗീത ജീവിതത്തെ വാര്‍ത്തെടുക്കുന്നതില്‍ റിയാലിറ്റി ഷോകള്‍ക്ക് നല്ല പങ്കുണ്ട്. അന്നത്തെ ഷോയിലെ ഗുരുക്കന്മാര്‍ പറഞ്ഞുതന്ന പാഠങ്ങള്‍ പഠിച്ചാണ് ഞാനൊക്കെ മികച്ച ഗായകരായത്. പിന്നെ ഇതൊക്കെ മനോഭാവത്തിന്റെ പ്രശ്‌നമാണ്. കഠിനാധ്വാനത്തിന്റെയും കുറച്ചേറെ ഭാഗ്യവും വേണം. ഇതെല്ലാം ചേരുമ്പോള്‍ നമുക്ക് ഉയരാന്‍ എളുപ്പമാകും' നജീം വ്യക്തമാക്കി.
തിരുവനന്തപുരം തിരുമല 'സജന്'യില്‍ സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലാണ് നജീം വളര്‍ന്നത്. അധ്യാപികകൂടിയായ ഉമ്മ റെഹ്മയാണ് ആറുവയസ്സുവരെ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ചൊല്ലിക്കൊടുത്തത്. പിന്നെ 16 വര്‍ഷം ആര്യനാട് രാജുവിന്റെ കീഴില്‍ സംഗീതം പഠിച്ചു. ഉപ്പ ഷാഹുല്‍ ഹമീദ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. സൗണ്ട് എന്‍ജിനീയര്‍കൂടിയായ സഹോദരന്‍ നജീം ഷാദിന്റെ ഒപ്പം ചേര്‍ന്ന് 'ഐ ആം ഹിയര്‍' എന്ന ആല്‍ബം, മേഘമല്‍ഹാര്‍ എന്ന മറ്റൊരു ആല്‍ബം നജീം പുറത്തിറക്കിയിട്ടുണ്ട്.
ഗസലിനെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന നജീമിനെ തേടി 2013-ല്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരവും എത്തി. 'ദൃശ്യം', 'ഇമ്മാനുവല്‍' എന്നീ ചിത്രങ്ങളിലെ ഗാനാലാപനത്തിനായിരുന്ന പുരസ്‌കാരം.