രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ
- Published in വാർത്ത
- Written by പൗരധ്വനി
- Be the first to comment!
ഡൽഹി: വിദേശവിനിമയ ചട്ടം ലംഘിച്ച് അനധികൃതമായി പണപ്പിരിവ് നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ രാജ്യവ്യാപകമായി പരിശോധനകൾ പുനരാരംഭിച്ച് സിബിഐ. 24 മണിക്കൂറിനിടെ രാജ്യത്തെ 40 കേന്ദ്രങ്ങളിലാണ് സിബിഐ പരിശോധനകൾ നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങളെ തുടർന്നാണ് പരിശോധന.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി, രാജസ്ഥാൻ, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിലാണ് പരിശോധനകൾ നടക്കുന്നത്. കൈക്കൂലി നൽകി കൃത്രിമ രേഖകൾ ചമച്ച് വിദേശത്ത് നിന്നും ചിലർ ധനസമാഹരണം നടത്തുന്നതായി അമിത് ഷായ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടെ സിബിഐ ചോദ്യം ചെയ്തു വരികയാണ്.
പരിശോധനയ്ക്കിടെ ഹവാല ചാനൽ വഴി കടത്തിയ രണ്ട് കോടി രൂപ സിബിഐ പിടികൂടി. പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് സിബിഐക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.