ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2021 കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ദുബായിൽ നടന്ന ഫൈനലിൽ ചെന്നൈ 27 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി. ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 2018നുശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്.
കിരീടം ലക്ഷ്യമാക്കി രണ്ടും കൽപ്പിച്ച് കൊൽക്കത്ത ആഞ്ഞടിച്ചപ്പോൾ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോനിയുടെ നിർണായക നീക്കങ്ങളാണ് വഴിത്തിരിവായത്. ക്യത്യമായ ഫീല്‍ഡ് വിന്യാസത്തിലൂടെയും ബൗളിംഗ് മാറ്റങ്ങളിലൂടെയും ധോനി കളം നിറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിച്ച വെങ്കിടേഷ് അയ്യരും ശുഭ്മാൻ ഗില്ലും കൊൽക്കത്തയ്ക്ക് ജയപ്രതീക്ഷ പകർന്നുവെങ്കിലും ശാർദൂൽ താക്കൂറും ഹേസല്‍വുഡും ജഡേജയും ചഹാറും ധോനിയുടെ മനസ്സറിഞ്ഞ് പന്തെറിഞ്ഞു.
കഴിഞ്ഞ രണ്ട് പ്ലേ ഓഫ് മത്സരങ്ങളും ടോസ് ഭാഗ്യത്തിന്റെ ബലത്തിൽ വിജയിച്ച കൊൽക്കത്തക്ക് ഇക്കുറി പിഴച്ചു. ഷാർജയിലെ മത്സരങ്ങൾ ജയിച്ച അതേ മാതൃകയിൽ ഫീൽഡിംഗ് തെരഞ്ഞെടുത്ത അവരെ ചെന്നൈ ബാറ്റ്സ്മാന്മാർ കൃത്യമായി പ്രഹരിച്ചു. ഓപ്പണർ ഫാഫ് ഡുപ്ലെസി 59 പന്തില്‍ 86 റണ്‍സെടുത്തു. റോബിൻ ഉത്തപ്പ 15 പന്തില്‍ 31 റൺസ് നേടിയപ്പോൾ റുതുരാജ് ഗെയ്ക്വാദ്(27 പന്തില്‍ 32), മൊയീൻ അലി(20 പന്തില്‍ 37) എന്നിവരും ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
കൊൽക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന് നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഷാക്കിബിനും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ലോക്കി ഫെര്‍ഗൂസനും നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത ചക്രവര്‍ത്തിയും മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങിയ ഷാക്കിബും നന്നായി തല്ല് വാങ്ങി.
43 പന്തില്‍ 51 റൺസെടുത്ത ശുഭ്മാൻ ഗില്ലും 32 പന്തില്‍ 50 റണ്‍സടിച്ച വെങ്കടേഷ് അയ്യരും കൊൽക്കത്തക്ക് വേണ്ടി പൊരുതി. ചെന്നൈക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും ജഡേജയും ഹേസല്‍വുഡും രണ്ടും വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ തകർപ്പൻ തിരിച്ചു വരവാണ് ഇക്കുറി നടത്തിയത്. മുതിർന്ന താരങ്ങളും യുവതാരങ്ങളും ഒരേ പോലെ ഫോമിലേക്കുയർന്നപ്പോൾ മഹേന്ദ്രസിംഗ് ധോനി എന്ന നായകൻ ഒരിക്കൽ കൂടി അതുല്യമായ തന്ത്രങ്ങളുമായി അമരത്ത് നിലയുറപ്പിച്ചു.
സ്കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 192-3, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 165-9