ഇടുക്കി: ഇടുക്കി നെടുങ്കണ്ടം കോമ്പയാറിൽ ഏലക്കാ ഡ്രയറിൽ വൻ സ്ഫോടനം. പുലർച്ചെ 3.30 ഓട് കൂടിയാണ് സംഭവം നടന്നത്. അതി ഭയങ്കരമായ ശബ്ദത്തോടെ ഡ്രൈയർ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. കോമ്പയാർ ബ്ലോക്ക് നമ്പർ 738ലെ ബഷീറിന്റെ ഡ്രയറിലാണ് സ്ഫോടനം നടന്നത്.
ഇരുമ്പ് ഷട്ടർ ഉൾപ്പെടെയുള്ളവ സ്ഫോടനത്തിൽ തകർന്നു.സ്ഫോടനത്തിൽ കതകുകളും ജനലുകളും തകർന്നു. പുറത്തു നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെന്നും സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഉടമയും നാട്ടുകാരും ആരോപിച്ചു.
സ്ഫോടനത്തെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 150 കിലോയിലധികം ഏലയ്ക്ക കത്തി നശിച്ചുവെന്ന് ഉടമ അറിയിച്ചു. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.