ഫ്ലൈ ദുബായ്: കൊച്ചി, തിരുവനന്തപുരം ടിക്കറ്റ് ബുക്കിങ് തുടങ്ങി

ദുബായ്: ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് ജൂണ്‍ ആദ്യവാരത്തില്‍ തുടങ്ങുന്ന കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി സര്‍വീസുകളുടെ വിശദവിവരങ്ങളും ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള ഇക്കോണമി റിട്ടേണ്‍ ടിക്കറ്റിന് 950 ദിര്‍ഹം മുതല്‍ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള റിട്ടേണ്‍ നിരക്ക് 875 ദിര്‍ഹം മുതലാണ്. മൂന്ന് നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ ഞായറാഴ്ച മുതല്‍ നല്‍കിത്തുടങ്ങിയതായി സി.ഇ.ഒ ഗെയ്ത് ആല് ഗെയ്ത് അറിയിച്ചു.
ജൂണ്‍ രണ്ടിനാണ് ദുബായ്-കൊച്ചി സര്‍വീസ് തുടങ്ങുക. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. മൂന്നാം തീയതി തുടങ്ങുന്ന തിരുവനന്തപുരം സര്‍വീസ് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇരു കേന്ദ്രങ്ങളിലേക്കും 950 ദിര്‍ഹം മുതല്‍ തുടങ്ങുന്ന ഇക്കോണമി ടിക്കറ്റില്‍ ഏഴ് കിലോ വീതം സൗജന്യ ഹാന്‍ഡ് ബാഗേജ് അനുവദിക്കുന്നുണ്ട്. ബാഗേജ് കൊണ്ടുപോകേണ്ടവര്‍ ടിക്കറ്റിനൊപ്പം നിശ്ചിത തുക കെട്ടിവെക്കണം.
ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക് 2,700 മുതലാണ് തുടങ്ങുന്നത്. ബിസിനസ് ക്ലാസിന് 40 കിലോയുടെ ബാഗേജ് അനുവദിക്കുന്നുണ്ട്.
ജൂണ്‍ ഒന്നിനാണ് ദുബായ്-ഡല്‍ഹി സര്‍വീസുകള്‍ക്ക് തുടക്കമാകുക. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഫ്ലൈ ദുബായ് ഡല്‍ഹിയിലേക്ക് നടത്തുന്നത്. ഡല്‍ഹിയിലേക്കുള്ള ഇക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റ് 875 ദിര്‍ഹം മുതലും ബിസിനസ് ടിക്കറ്റ് 2,100 നിരക്കിലുമാണ് തുടങ്ങുന്നത്.
ഇക്കോണമി ക്ലാസില്‍ ബാഗേജുകള്‍ കൊണ്ടുപോകുന്നവര്‍ നിശ്ചിത തുക ടിക്കറ്റിനൊപ്പം അടയ്ക്കണം. 20 കിലോ ബാഗേജിന് 50 ദിര്‍ഹവും 30 കിലോയ്ക്ക് 100 ദിര്‍ഹവും 40 കിലോയ്ക്ക് 200 ദിര്‍ഹവുമാണ് ചുമത്തുന്നത്. ടിക്കറ്റുകള്‍ www.flydubai.com മുഖേനയോ 04 2311000 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാവുന്നതാണ്. ഫ്ലൈ ദുബായിയുടെ ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.
കേരളത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റു വിവരങ്ങള്‍ക്കും 270 6355, 270 6377 (കൊച്ചി), 660 0034, 660 0035 (തിരുവനന്തപുരം) എന്നീ നമ്പറുകളില്‍ വിളിക്കാം.
പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ഫ്ലൈ ദുബായ് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ നഗരങ്ങളുടെ എണ്ണം ആറാകും. ഹൈദരാബാദ്, അലഹബാദ്, ലഖ്നൗ എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ൈഫ്ല ദുബായ് സര്‍വീസ് നടത്തുന്നത്.
ഇന്ത്യ-ദുബായ് റൂട്ടില്‍ പുതിയ സര്‍വീസുകള്‍ അനുവദിച്ച അധികാരികള്‍ക്ക് നന്ദി പറയുന്നതായി ഗെയ്ത് ആല് ഗെയ്ത് പത്രക്കുറിപ്പില്‍ പറഞ്ഞു. ചരിത്രപരമായും സാംസ്കാരികപരമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ സര്‍വീസുകള്‍ വാണിജ്യ, ടൂറിസം രംഗത്തെ മുന്നേറ്റത്തിന് സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആഫ്രിക്ക, മധ്യേഷ്യ, റഷ്യ, യൂറോപ്പ് മേഖലകളിലേക്കുള്ള യാത്രാ മാര്‍ഗം കൂടിയാണ് പുതിയ സര്‍വീസുകളിലൂടെ തുറക്കുന്നതെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരന് പറഞ്ഞു.