കബൂൾ: ഐപിഎൽ സംപ്രേക്ഷണത്തിന് അഫ്ഗാനിസ്ഥാനിൽ വിലക്കേർപ്പെടുത്തി താലിബാൻ. മത്സരങ്ങളുടെ ഉള്ളടക്കം അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മത്സരങ്ങൾക്കിടയിൽ പെൺകുട്ടികൾ നൃത്തം ചെയ്യുന്നതും , മുടി മറയ്ക്കാത്തതുമൊക്കെ അനിസ്ലാമികമാണെന്നാണ് താലിബാൻ ചൂണ്ടിക്കാട്ടുന്നത്.
താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ ഭൂരിപക്ഷം കായിക വിനോദങ്ങളും സ്ത്രീകളുടെ കായിക മത്സരങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. സംപ്രേക്ഷണ നിരോധനം സംബന്ധിച്ച വാർത്ത അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മുൻ മീഡിയ ചെയർമാനും മാദ്ധ്യമപ്രവർത്തകനുമായ എം. ഇബ്രാഹിം മൊമാൻദാണ് ട്വീറ്റ് ചെയ്തത്.
ഇസ്ലാമിക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കായിക മത്സരങ്ങൾ നിരോധിച്ച താലിബാൻ സ്റ്റേഡിയങ്ങൾ പൊതു വധശിക്ഷാ വേദികളായി ഉപയോഗിക്കുകയാണെന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.