ത്യശ്ശൂർ : പഞ്ചവാദ്യ രംഗത്തെ പ്രമുഖ കലാപ്രതിഭ ത്യക്കൂർ രാജൻ(83) അന്തരിച്ചു. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തില്‍ അഞ്ച് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിട്ടുള്ള തൃക്കൂര് രാജന്, തൃശൂര്‍ പൂരം ഉള്‍പ്പെടെ നിരവധി ഉത്സവങ്ങളിലെ പ്രധാന കലാകാരനായിരുന്നു. 2011-ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പല്ലാവൂര്‍ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മദ്ദളവിദ്വാനായിരുന്ന തൃക്കൂര് കിഴിയേടത്ത് കൃഷ്ണന്‍കുട്ടിമാരാരുടെയും മെച്ചൂര്‍ അമ്മുക്കുട്ടിയമ്മയുടെയും മക്കളില്‍ നാലാമനായാണ് രാജന് ജനിച്ചത്. നെന്മാറ വേലയ്ക്കാണ് ആദ്യമായി മദ്ദളപ്രമാണിയായി രാജന് രംഗത്തുവരുന്നത്. തൃശ്ശൂര്‍പൂരത്തില്‍ ആദ്യ വര്‍ഷം തിരുവമ്പാടിക്ക് വേണ്ടിയാണ് കൊട്ടിയത്. തുടര്‍ന്ന് പാറമേക്കാവ് പഞ്ചവാദ്യത്തിലെ മദ്ദളനിരയിലെത്തി. പ്രസിദ്ധ മദ്ദളകലാകാരന്മാരായ കടവല്ലൂര്‍ ഗോവിന്ദന്‍നായര്‍, ചാലക്കുടി നാരായണന് നമ്പീശൻ, തൃക്കൂര് ഗോപാലന്‍കുട്ടി മാരാര്‍ എന്നിവര്‍ക്കു ശേഷം തിമിലാചാര്യനായിരുന്ന ചോറ്റാനിക്കര നാരായണ മാരാര്‍ക്കൊപ്പം പാറമേക്കാവ് വിഭാഗത്തിലെ മദ്ദളപ്രമാണിയായി.
തുടർന്ന് ഉത്രാളിപ്പൂരം, നെന്മാറവേല, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, തൃക്കൂര് തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം അനവധി ക്ഷേത്രോത്സവങ്ങള്‍ക്ക് മദ്ദളക്കാരനും പ്രമാണിയുമായി തൃക്കൂര് രാജന് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987-ല്‍ സോവിയറ്റ് യൂണിയനില്‍ നടന്ന ഭാരതോത്സവത്തില്‍ പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കിയത് തൃക്കൂര് രാജനാണ്.