പട്ടിയില്ലാത്ത വീട്ടിലെ വാടകക്കാര്‍

റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര് തുളസീധരന്‍ പിള്ളയുടെ വീടാണ് 'വൃന്ദാവനം'. ഭാര്യ രാധികയ്ക്കും മകള്‍ മീരയ്ക്കുമൊപ്പം താമസം. ഗെയ്റ്റില്‍ 'ബിവേയര്‍ ഓഫ് ഡോഗ്സ്' എന്നെഴുതിവച്ചിട്ടുണ്ടെങ്കിലും ആ വീട്ടില്‍ ഒരൊറ്റ നായ പോലുമില്ലെന്നതാണ് സത്യം.
'വൃന്ദാവന'ത്തിന്റെ മുകള്‍നിലയില്‍ നാലു ചെറുപ്പക്കാര്‍ താമസിക്കുന്നുണ്ട്. നേരത്തെ ഒരു കുടുംബത്തിന് വാടകയ്ക്കു കൊടുത്തത് തുളസീധരന്‍ പിള്ളയുടെ അനുമതിയില്ലാതെ ഈ ചെറുപ്പക്കാര്‍ക്ക് മറിച്ചു നല്കിയതായിരുന്നു. വാടക നല്‍കുക പോലും ചെയ്യാത്ത ഈ നാല്‍വര്‍ സംഘത്തെ ഒഴിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊന്നും വിജയിച്ചുമില്ല. ഇവരുണ്ടാക്കുന്ന മറ്റു തലവേദനകള്ക്കൊപ്പം ഇപ്പോള്‍ മകളുടെ പിന്നാലെ സംഘത്തിലൊരുവന് നടക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതും അദ്ദേഹത്തെ വിഷമവൃത്തത്തിലാക്കി.
ഇതിനിടയിലാണ് നഗരത്തില്‍ അരങ്ങേറിയ ഒരു പ്രശ്നത്തില്‍ അറിയാതെ ഈ ചെറുപ്പക്കാര്‍ പെട്ടുപോകുന്നത്. അതില്‍ നിന്നും തലയൂരുക വിഷമമാണെന്നു മനസ്സിലായപ്പോള്‍ അവര്‍ പൊള്ളാച്ചിയിലുള്ള കൂട്ടുകാരന് ഉമ്മന്റെ അടുത്തേക്കു മുങ്ങി. അവിടെ പക്ഷേ അതേക്കാള്‍ വലിയ പ്രശ്നങ്ങളായിരുന്നു അവരെ സ്വീകരിക്കാനുണ്ടായിരുന്നത്...
തുടര്‍ന്നുള്ള രസകരവും സങ്കീര്‍ണ്ണവുമായ സംഭവങ്ങളിലൂടെയാണ്, നവാഗതനായ വിഷ്ണുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബിവേയര്‍ ഓഫ് ഡോഗ്സ്' എന്ന ചിത്രം പുരോഗമിക്കുന്നത്. ഒറിസണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്. രാജീവ്മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്, സഞ്ജു, ഡോമനിക്, ഹരികൃഷ്ണരാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനോജ് കെ. ജയന്, നേരം ഫെയിം സിംഹ, സുനില്‍ സുഖദ, അവാന, ടി. പാര്‍വ്വതി, അഭിരാമി സുരേഷ് തുടങ്ങിയവരും താരനിരയിലുണ്ട്. ക്യാമറ: മഹേഷ് രാജ്, ഗാനങ്ങള്‍: റഫീക്ക് അഹമ്മദ്, നെല്ലൈ ജയന്ത, സംഗീതം: ബിജിപാല്‍, പ്രൊഡ. കണ്ട്രോളര്: താഹിര്‍ മട്ടാഞ്ചേരി, എഡിറ്റിങ്: ശ്യാം ശശിധരന്, കല: പ്രതാപ് രവീന്ദ്രന്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റിയൂം: ്രുണ് മനോഹര്‍, സ്റ്റില്‍സ്: ആന്റണി ജോ, പി.ആര്.ഒ: എ.എസ്. ദിനേശ്.