വർക്കല: ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ വെന്തു മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബിേ എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്.ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്ന് ആണ് തീയണച്ചത്. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഹിൽ പുറത്തേക്ക് വന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ വാഹനത്തിൽ ആശുപുത്രിയിലേക്ക് മാറ്റി. നിലവിളിച്ച് ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവർ ആരും പുറത്തിറങ്ങിയില്ല.എസി അടക്കം ഉപയോഗിച്ചതിനാൽ മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നാണ് നിഗമനം.
വീടിന്റെ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളർത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയായി.
ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പൊളളലേറ്റ നിഹുലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകനും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്കാര ചടങ്ങുകൾ അടക്കം നടക്കുക.