ലോകത്തിലെ ചെലവേറിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ മുന്നോട്ട്. മെര്‍സര്‍ കോസ്റ്റ് ഓഫ് ലിവിങ് സര്‍വെയില്‍ 51-ാം സ്ഥാനത്താണ് ഡബ്ലിന്റെ സ്ഥാനം. ഭവനം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, വിനോദോപാധികള്‍, തുടങ്ങി 200 വിഷയങ്ങള്‍ പരിഗണിച്ചാണ് ജീവിത ചെലവുകള്‍ നിശ്ചയിച്ചിരിക്കുന്നത്. പട്ടികയില്‍ ആകെയുള്ളത് 211 രാജ്യങ്ങളാണ്. ബെല്‍ഫാസ്റ്റ് കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്ത് നിന്ന് ചെലവിന്റെ കാര്യത്തില്‍ 38 സ്ഥാനമാണ് മുന്നോട്ട് പോയിരിക്കുന്നത്. ഇതോടെ 120-ാമത്തെ ചെലവേറിയ സ്ഥലമാണ് ബെല്‍ഫാസ്റ്റ്.
ചെലവേറി പ്രദേശങ്ങളുടെ പട്ടികയിലേയ്ക്ക് ഏഷ്യന്‍ യൂറോപ്യന്‍ നഗരങ്ങള്‍ കൂടുതലായി കടന്ന് വരുന്നതായാണ് കാണപ്പെടുന്നത്. വിദേശ തൊഴിലാളികള്‍ക്ക് ഇവ വളരെയേറെ ചെലവേറിയ നഗരങ്ങളായി അനുഭവപ്പെടുന്നു. അതേ സമയം തന്നെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ അംഗോളയിലെ നഗരമായ ലുവാന്ഡയും ചാഡിലെ നഗരമായ എന്ഡാജ്മെനായും ഉള്‍പ്പെടുന്നുണ്ട്. സാധാരണ ഗതിയില്‍ ആഫ്രിക്കയില്‍ നിന്നുള്ള ഈ രണ്ട് നഗരങ്ങളും ചെലവ് കുറഞ്ഞ നഗരങ്ങളാണ് എന്നാല്‍ വിദേശികളെ സംബന്ധിച്ച് ഇവിടെ താമസം തുടങ്ങിയ കാര്യങ്ങള്‍ക്ക് വന്‍ തുക നല്‍കേണ്ടി വരുന്നതാണ് പട്ടികയില്‍ ഒന്നാമതെത്താന്‍ കാരണമായിരിക്കുന്നത്. ഡോളറിനെതിരെ യൂറോ ശക്തി പ്രാപിച്ചതാണ് പടിഞ്ഞാറന്‍ യൂറോപ്യന്‍ നഗരങ്ങള്‍ മുന്നോട്ട് വരുന്നതിന് കാരണമായിരിക്കുന്നത്. കൂടാതെ വാടക സ്ഥലങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ വര്‍ധിച്ചതും ഈ മേഖലയില്‍ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡബ്ലിനില്‍ ഈ രണ്ട് മാനങ്ങളും പരിശോധിച്ചാല്‍ ചെലവ് കൂടിയതായാണ് കാണപ്പെടുന്നത്.
അതേ സമയം തന്നെ ഓസ്ട്രേലിയ, കാനഡ, ജപ്പാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നഗരങ്ങള്‍ ചെലവിന്റെകാര്യത്തില് താഴെ പോയിട്ടുണ്ട്. യുഎസ് ഡോളറിനെതിരെ പ്രാദേശിക കറന്‍സികള്‍ക്ക് മൂല്യമിടിഞ്ഞതാണ് ഇതിന് പ്രധാന കാരണം. ന്യൂയോര്‍ക്കാണ് യുഎസില്‍ നിന്നുള്ള ഏറ്റവും ചെലവേറി നഗരം. പട്ടികയില്‍ 16-ാം സ്ഥാനമാണുള്ളത്. എല്‍എ പത്ത് സ്ഥാനം മുന്നേറി 62-ാംസ്ഥാനത്തും സാന്‍ഫ്രാന്‍സിസ്കോ 18 സ്ഥാനം മുന്നേറി 74-ാം സ്ഥാനത്തുമെത്തി. ഇപ്പോഴത്തെ സര്‍വെയുടെ കണക്കുകള്‍ പ്രധാന പ്രാദേശിക സര്‍ക്കാരുകള്‍ക്കും കമ്പനികള്‍ക്കും നല്‍കുകയാണ് പതിവ്. ഇത് മൂലം തങ്ങളുടെ തൊഴിലാളികളുടെ വാങ്ങല്‍ ശേഷി തിട്ടപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സാധിക്കും.
ആദ്യ രണ്ട് സ്ഥാനങ്ങളിലെ ആഫ്രിക്കന്‍ നഗരങ്ങള്‍ കഴിഞ്ഞാല്‍ ഹോങ്കോങ്, സിങ്ക്പപൂര്, സൂറിച്ച്, ജെനീവ, ടോക്കിയോ, ടോക്കിയോ, ബേണ്‍, മോസ്കോ, ഷാങ്കായ് എന്നിവയാണ് ആദ്യപത്തില്‍ ഇടം പിടിച്ചിരിക്കുന്ന ചെലവേറിയ നഗരങ്ങള്‍. ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി കറാച്ചിയാണ് പട്ടികയില്‍ അവസാനമുള്ളത്.