വാഷിങ്ടൺ: യുക്രൈനെതിരെ ആക്രമണം നടത്തുന്ന റഷ്യക്ക് നേരെ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ റഷ്യയുടെ യുക്രൈനെതിരായ സൈനിക നീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. പുടിന്റെ കണക്കുകൂട്ടൽ തെറ്റിയെന്നും യുക്രൈൻ ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന് സഹായം നൽകുന്നത് തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാൻ അമേരിക്ക മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് യാതൊരു ധാരണയും ഇല്ലെന്നും ബൈഡൻ പറഞ്ഞു. അമേരിക്ക യുക്രൈനിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്ന് പറഞ്ഞ അദ്ദേഹം പുടിനെ സ്വേച്ഛാധിപതിയെന്നും വിമർശിച്ചു.
അതേസമയം ആക്രമണം കടുപ്പിച്ച് റഷ്യ.കീവിലെ ടെലിവിഷൻ ടവർ റഷ്യ തകർത്തു, 5 പേർ കൊല്ലപ്പെട്ടു. കീവിലെ തന്ത്രപ്രധാന മന്ദിരങ്ങൾക്ക് സമീപം ഉള്ളവർ ഒഴിയണമെന്ന് റഷ്യ ആവശ്യപ്പെട്ടു. കൂടുതൽ കടുത്ത ആക്രമണങ്ങൾക്ക് ഒരുങ്ങുകയാണ് പുടിന്റെ പട്ടാളം. കാർകീവിലെ ഫ്രീഡം സ്ക്വയർ തകർത്ത സ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങൾ കിട്ടി.