കീവ്: യുക്രൈനില്‍ റഷ്യയുടെ ആക്രമണം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ
പലയിടങ്ങളിലും ഷെല്ലാക്രമണവും വ്യോമാക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കെട്ടിടങ്ങള്‍ക്ക് മുകളിലായി കടും ചുവപ്പ് നിറത്തില്‍ ഗുണന ചിഹ്നവും, ആരോ മാര്ക്കുമായിപ്രത്യക്ഷപ്പെട്ട ഈ ചിഹ്നങ്ങള്‍ ദുരൂഹത നിറഞ്ഞതാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഉയരത്തിലുള്ള മേല്‍ക്കൂരകളിലും ഗ്യാസ് പൈപ്പുകളിലും പ്രത്യേക ചിഹ്നങ്ങള്‍ വ്യാപകമാകുന്നതായി യുക്രൈയിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതേ സമയം ഇതിന് പിന്നില്‍ റഷ്യന്‍ ഇടപെടലാണ് എന്ന് സംശയം ഉയരുകയാണ് വ്യോമാക്രമണം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന അടയാളങ്ങളും ആകാമെന്നും അധികൃതര്‍ പറയുന്നു. റിഫ്ലക്ടര്‍ ടാഗുകളും വ്യാപകമായി കീവില്‍ കണ്ടെത്തി. ഇത്തരത്തില്‍ ചിഹ്നങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ റഷ്യന്‍ അനുകൂലികളും ചാരന്മാരും കുറേയെറെ യുക്രൈനില്‍ ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്.
പടിഞ്ഞാറന്‍ യുക്രെയ്ന് നഗരമായ റിവ്നെയുടെ മേയര്‍ അലക്സാണ്ടര്‍ ട്രെത്യാക്ക് തന്റെ ഫേസ്ബുക്ക് പേജില്‍ ഇത്തരം ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വ്യക്തമാക്കി.
യുദ്ധം നിര്‍ണായക ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം മുന്നറിയിപ്പ്. കീവ് പ്രദേശിക ഭരണകൂടവും ഇത്തരം ചിഹ്നങ്ങള്‍ കണ്ടെത്തി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നഗരത്തിലെ ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ അടിയന്തരമായി മേല്‍ക്കൂരകള്‍ പരിശോധിക്കണമെന്നും എന്തെങ്കിലും അടയാളം കണ്ടെത്തിയാല്‍ ഇവ മറയ്ക്കുകയോ, മായിച്ച് കളയുകയോ ചെയ്യണം എന്നാണ് മുന്നറിയിപ്പ്. ടെറസുകളും അടച്ചിടാനും അജ്ഞാതമായ അടയാളങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കാനും നിര്‍ദേശമുണ്ട്.