‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി. രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിച്ച് പുതിയ രൂപരേഖ തയ്യാറാക്കുന്നത് വരെ ഐപിസി 124എ വകുപ്പ് പ്രകാരം കേസുകൾ എടുക്കുന്നത് നിർത്തിവെക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
ഈ സാഹചര്യത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് നിലവിൽ ജയിലുകളിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യദ്രോഹക്കുറ്റം പൂർണമായും റദ്ദാക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നത് ദേശസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസുകളെ അവയുടെ ഗൗരവത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പരിഗണിക്കണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.