ആരാണ് ഈ ഡേവിഡ് ഏബ്രഹാം?

''വെളിപ്പെടുത്താതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കാതെ ഒളിച്ചുവെക്കാവുന്നതോ ആയ യാതൊന്നുമില്ല'' എന്ന ക്രിസ്തുവചനത്തെ കൃത്യമായി പിന്തുടരുന്ന ചിത്രം. അതാണ് 'സെവന്ത് ഡേ'. ഒരു സംഭവത്തിനു പിന്നിലെ സത്യത്തെ തേടി ഡേവിഡ് ഏബ്രഹാം എന്ന ഐ.പി.എസ്സുകാരന് നടത്തുന്ന ഏഴ് ദിവസത്തെ യാത്രയാണ് ചിത്രത്തിന്റെ മര്‍മ്മം. ആ യാത്രയ്ക്കെടുവില്‍ അയാള്‍ കണ്ടെത്തുന്ന സത്യത്തെ തിരിച്ചറിയുമ്പോള്‍ പ്രേക്ഷകരും ഈ ക്രിസ്തുവചനത്തെ അറിയാതെ ഉരുവിടും. ആര്‍ക്കും ഒന്നും മറച്ചുവെക്കാനാവില്ല. ഒന്നും ഒളിച്ചുവെക്കാനാവില്ല.
''ആറ് ദിവസംകൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്'' എന്ന ടാഗ്ലൈനോടുകൂടി പുറത്തിറങ്ങിയ ചിത്രം ഒരു ക്ലീന്‍ സസ്പെന്‍സ് ത്രില്ലര്‍ എന്ന പേര് ഇതിനോടകംതന്നെ നേടിയെടുത്തുകഴിഞ്ഞു. 'മുംബൈപോലീസ്', 'മെമ്മറീസ്' എന്നീ ചിത്രങ്ങള്‍ക്കുശേഷം പൃഥ്വിരാജിന്റെ മറ്റൊരു കുറ്റാന്വേഷണ ചിത്രം എന്ന ലേബല്‍, സിനിമയ്ക്കും പൃഥ്വിരാജിനുതന്നെയും ചില്ലറ വെല്ലുവിളിയല്ല ഉയര്‍ത്തിയിരുന്നത്. എന്നാല്‍, അത്തരം വെല്ലുവിളികളെയെല്ലാം സമര്‍ത്ഥമായി മറികടക്കാന്‍ സെവന്ത്ഡേയ്ക്ക് കഴിഞ്ഞു. പടം അനൗണ്‍സ് ചെയ്ത ദിവസം മുതല്‍ ഇത്രമാത്രം മീഡിയ അറ്റന്ഷന് കിട്ടിയ മറ്റൊരു സിനിമ അടുത്തകാലത്തൊന്നും ഇറങ്ങിയിട്ടില്ല. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ്, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പൃഥ്വിതന്നെ ഇക്കാര്യം സൂചിപ്പിക്കുകയും, പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള ഈ അമിതപ്രതീക്ഷ ഉയര്‍ത്തുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പൃഥ്വിയുടെ ഡേവിഡ്
''കര്‍ണ്ണനേയും നെപ്പോളിയനെയും ഭഗത്സിങ്ങിനെയും ആരാധിക്കുന്നവനാണ് ഞാന്‍. അവരെല്ലും തോറ്റവരാണ്. പക്ഷേ, അവര്‍ പൊരുതിയാണ് തോറ്റത്. ഞാനും അങ്ങനെയാണ്. പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്ന് വെക്കും ഞാന്‍. പക്ഷേ, കളിക്കുന്നത് എപ്പോഴും ജയിക്കാന്‍ വേണ്ടി മാത്രമായിരിക്കും. ഐ ഓള്‍വെയ്സ് പ്ലെ ടു വിന്.''