കേരളത്തില്‍ ജൂറി ആകുന്നത് സംസ്ഥാന അവാര്‍ഡുപോലും കിട്ടാത്തവര്‍ - ഡോ. ബിജു

ന്യൂഡല്‍ഹി: ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ ജൂറി അംഗങ്ങളാകുമ്പോള് കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കിട്ടാത്തവര്പോലും അംഗങ്ങളാകുന്നുവെന്ന് സംവിധായകന് ഡോ. ബിജു. ഇതാണ് രണ്ട് അവാര്‍ഡ് നിര്‍ണയത്തിലുമുള്ള വ്യത്യാസം. ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണയത്തിന് നിശ്ചിത യോഗ്യതയും മാനദണ്ഡങ്ങളുമുണ്ട്.
നടന്മാരായാലും സംവിധായകരായാലും ദേശീയ തലത്തില്‍ ഏതെങ്കിലും പുരസ്കാരം നേടിയവരായിരിക്കും ജൂറി അംഗങ്ങള്‍. ഒരേപോലെ വിശ്വാസ്യതയുള്ളവരാണ് വരുന്നത്. അതുകൊണ്ട് വിശ്വാസ്യതയും കൂടും. അഞ്ചുവര്‍ഷത്തെ ദേശീയ അവാര്‍ഡിന്റെയും സംസ്ഥാന അവാര്‍ഡിന്റെയും ജൂറി അംഗങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും ബിജു പറഞ്ഞു. കാഴ്ചപ്പാടിലും സംവേദനത്വത്തിലും സാംസ്കാരികബോധത്തിലുമെല്ലാം ഈ വ്യത്യാസം കാണാം. 'പേരറിയാത്തവര്‍' കണ്ട് ദേശീയ അവാര്‍ഡ് ജൂറി ചെയര്മാന് സയീദ് മിര്‍സയാണ് ആദ്യം എഴുന്നേറ്റ് കൈയടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപമാനകരമായ പരാമര്‍ശം നടത്തിയതിന് 'ഷട്ടറി'ന്റെ സംവിധായകന് ജോയ് മാത്യുവിനെതിരെ കൊടുത്ത പരാതി പരസ്യമായി മാപ്പുപറഞ്ഞാലല്ലാതെ പിന്‍വലിക്കില്ലെന്നും ബിജു പറഞ്ഞു.