എക്സ്മെന്‍ മാമാങ്കം

എക്സ്മെന്‍ എന്ന പേരു തന്നെ ഒരാഘോഷമാണ്. അപ്പോള്‍ എക്സ് മെന്‍ സ്കൂളിലെ അതിമാനുഷനായകരെല്ലാം ഒരൊറ്റ സ്ക്രീനില്‍ അണി നിരന്നാലോ? ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ ഫിലിം സീരിസുകളിലൊന്നായ എക്സ് മെന്‍ ഒന്നാം സീരിസിലെ ഏഴാം ചിത്രം എക്സ് മെന്‍: ഡേയ്സ് ഓഫ് ഫ്യൂച്ചര്‍ പാസ്റ്റ് 3ഡി എത്തുമ്പോള്‍ 2014-ലെ ബ്രഹ്മാണ്ഡചിത്രമായാണ് പരിഗണിക്കപ്പെടുന്നത്.
ഹ്യൂ ജാക്മാന്‍, ഹാലി ബെറി, പാട്രിക് സ്റ്റിവര്‍ട്ട്, ഇയാന്‍ മക്കെല്ലന്എന്നിവരടങ്ങിയ എക്സ് മെന്‍ താരനിരയ്ക്കൊപ്പം 2011-ല്‍ പുറത്തിറങ്ങിയ പ്രീക്വല്‍, 'ഫസ്റ്റ് ക്ലാസ്സി'ല്‍ നിന്നും ജെന്നിഫര്‍ ലോറന്‍സ്, മൈക്കിള്‍ ഫാസ്ബെന്‍ഡര്‍, ജെയിംസ് മക് അവോയ്, നിക്കോളാസ് ഹൗള്‍ട്ട് എന്നിവരും പുതിയ ചിത്രത്തിലുണ്ട്. വിദൂരഭാവിയില്‍ മ്യൂട്ടന്റ്സിന് വിനാശഭീഷണി ഉയര്‍ത്തുന്ന സെന്റിനല്‍സ് എന്ന റോബോട്ടുകളെ നശിപ്പിക്കാനുള്ള വോള്വറൈന്റെ ദൗത്യമാണ് എക്സ് മെന്‍: ഡേയ്സ് ഓഫ് ഫ്യൂച്ചര്‍ പാസ്റ്റ്, ത്രീഡികാഴ്ചയില് ഒരുക്കുന്നത്. 1973-ലെ മ്യൂട്ടന്റ്സും മനുഷ്യരും തമ്മിലുള്ള യുദ്ധം തടയുന്നതിനായി രൂപം കൊടുത്ത ശാരീരിക അവസ്ഥ നേടാന്‍ വോള്‍വറൈന്‍ കാലത്തിന് പിന്നിലേയ്ക്ക് അയയ്ക്കപ്പെടുന്നു. സെന്റിനല്സില് നിന്നും മ്യൂട്ടന്റ്സിനെയും മനുഷ്യരാശിയെയും സംരക്ഷിക്കുവാന്‍ വോള്വറൈന്റെ നേതൃത്വത്തില്‍ എല്ലാ മ്യൂട്ടന്റ്സും ഒരുമിക്കുകയാണ്. എക്സ് മെന്‍ ഗണത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്നതിലുപരി ലോകസിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ഹീറോ ചിത്രം എന്ന നിലയിലാണ് നിര്‍മ്മാതാക്കളായ 20വേ സെഞ്ചുറി ഫോക്സ് ഡേയ്സ് ഓഫ് ഫ്യൂച്ചര്‍ പാസ്റ്റിനെ അവതരിപ്പിക്കുന്നത്. അവതാറിന് ശേഷം ഫോക്സ് ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണിത്.
എക്സ് മെന്നിന്റേതായി ഭാവിയിലേയ്ക്കൊരുങ്ങുന്നത് നാലു ചിത്രങ്ങളാണ്. എക്സ് മെന്‍:അപോക്യാലിപ്സ് (2016), വോള്‍വറൈന്‍ 3 (2017), എക്സ്-ഫോഴ്സ്, ഡെഡ്പൂള് എന്നിവയാണവ. നൂറ്റാണ്ടൊന്നു കഴിഞ്ഞിട്ടും മനുഷ്യന് സിനിമ, കാത്തിരിക്കുന്ന ആഘോഷമായിത്തീരുന്നത് ഇത്തരം ചലച്ചിത്രങ്ങളിലൂടെയാണ്.