ബ്രസീലില്‍ ഒളിമ്പിക്സ് ഒരുക്കങ്ങളും പരിതാപകരം

മെല്‍ബണ്‍ : 2016-ല്‍ ബ്രസീലിലെ റിയോയില്‍ നടക്കേണ്ട ഒളിമ്പിക്സിനുള്ള ഒരുക്കങ്ങള്‍ പരിതാപകരമായ രീതിയില്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ( ഐ ഒ സി) വൈസ് പ്രസിഡന്റ് ജോണ്‍ കോട്സ്. ജൂണില്‍ ബ്രസീലില്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ തയ്യാറെടുപ്പുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഒളിമ്പിക്സിന്റെ ഇന്നേവരെയുള്ള ചരിത്രത്തില്‍ തന്നെ ഇത്ര മോശമായ രീതിയില്‍ ഒരു ആതിഥേയ രാഷ്ട്രം പെരുമാറിയിട്ടില്ലെന്നാണ് കോട്സിന്റെ ആരോപണം. പക്ഷെ റിയോ അല്ലാതെ മറ്റൊരു വേദിയില്‍ ഒളിമ്പിക്സ് നടത്തുന്നതിനെ കുറിച്ച് ഐ ഒ സി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
സിഡിനിയില് നടക്കുന്ന ഒളിമ്പിക്സ് ഫോറത്തിലാണ് കോട്സ് റിയോ ഒളിമ്പിക്സ് സംഘാടക സമിതിക്കെതിരെ ആഞ്ഞടിച്ചത്. ചില വേദികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടു പോലുമില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നഗരം പിന്നാക്കമാണ്. കുടിവെള്ളത്തിന്റെ നിലവാരവും വലിയ തലവേദനയാണ്. ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നതിന് ഐ ഒ സി പ്രത്യേക കര്‍മ സേന രൂപവത്ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.