ആസ്വാദകരുടെ പ്രോത്സാഹനങ്ങള്‍ നല്ല സിനിമയ്ക്ക് എന്നും പ്രചോദനം -സുദേവന്

ന്യൂഡല്‍ഹി: തന്റെ സിനിമ കണ്ടവരാണ് അടുത്ത സിനിമ നിര്‍മിക്കാന്‍ പണം നല്‍കുന്നതെന്ന് സംവിധായകന് സുദേവന് പറഞ്ഞു. ആസ്വാദകര്‍ നല്കിയ പ്രോത്സാഹനങ്ങളാണ് അടുത്ത സിനിമയെടുക്കാന്‍ എന്നും സഹായിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ തന്റെ ക്രൈം നമ്പര്‍ 89 എന്ന ചലച്ചിത്രം ഡല്‍ഹിയില്‍ വിവിധ വേദികളില്‍ പ്രദര്ശിപ്പിക്കാനെത്തിയതായിരുന്നു സുദേവന്. ഡല്‍ഹിയില്‍ മലയാളഭാഷ അറിയാത്തവര്‍ പോലും സിനിമ ആസ്വദിച്ച് പ്രോത്സാഹനം നല്‍കിയെന്ന് സുദേവന് പറഞ്ഞു.
മുമ്പ് നിര്‍മിച്ച നാല് ഹ്രസ്വചിത്രങ്ങള്‍ക്കായി ഏതാണ്ട് 24 പുരസ്കാരങ്ങളാണ് ലഭിച്ചത്. അവാര്‍ഡ് തുകകള്‍ അടുത്ത സിനിമ പിടിക്കാനായി ഉപയോഗിക്കും. ഒപ്പം സിനിമകളുടെ സി.ഡി. വിറ്റുകിട്ടുന്ന പണവും അടുത്ത സിനിമയ്ക്കായി മാറ്റിവെക്കും.
ചലച്ചിത്രമേളകളിലും മറ്റും പോയി സിനിമകളുടെ സി.ഡികള്‍ വിതരണം ചെയ്യും. സി.ഡികള്‍ കൈപ്പറ്റുന്നവരില്‍നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങും. അടുത്ത സിനിമയെടുക്കുമ്പോള്‍ അവരോട് സഹായമഭ്യര്‍ഥിക്കും. എന്നാല്‍ തന്റെ സിനിമ കണ്ടിട്ടില്ലാത്തവരോട് സാമ്പത്തികസഹായം അഭ്യര്ഥിക്കാറില്ലെന്നും സുദേവന് പറഞ്ഞു.
പാലക്കാട് പെരിങ്ങോട്ടുകാരായ സുദേവനു പുറമെ, ക്രൈം നമ്പര്‍ 89-ന്റെ നിര്‍മാതാവും നടനുമായ വി. അച്യുതാനന്ദന്, ആര്‍ട്ട് വര്‍ക്ക് ചെയ്ത ഷാരല്‍ എന്നിവരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
1995-96ല്‍ ഒരു വര്‍ഷത്തോളം ഡല്‍ഹിയില്‍ ജോലി ചെയ്ത് മടങ്ങിയ സുദേവന് വീണ്ടും തലസ്ഥാനത്തെത്തുമ്പോള്‍ പ്രവാസിമലയാളികള്‍ ആവേശപൂര്‍വമാണ് സ്വീകരിക്കുന്നത്.
ഡല്‍ഹിയിലെ വിവിധ വേദികളില്‍ ക്രൈം നമ്പര്‍ 89 പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണുണ്ടായത്.