അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യം ശക്തമായി നിലനിന്നിരുന്ന 2020 നവംബർ മാസത്തിൽ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ഒരു വാർത്ത റിപ്പോർട്ട് ചെയ്തു. താലിബാന് ആധിപത്യമുണ്ടായിരുന്ന അഫ്ഗാൻ പ്രവിശ്യയിൽ നിന്നും ജോലിക്ക് പോയ ഒരു സ്ത്രീ കൊല്ലപ്പെട്ട വാർത്തയായിരുന്നു അത്. അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ വനിതാ പൊലീസായി ജോലി നോക്കിയിരുന്ന അവർ കൊല്ലപ്പെട്ടത് പട്ടാപ്പകൽ ഭീകരരുടെ വെടിയേറ്റായിരുന്നു. മരിക്കുമ്പോൾ അവർക്ക് രണ്ട് കണ്ണുകളും ഇല്ലായിരുന്നു. കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപ് അവ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ഭീകരർ ചൂഴ്ന്നെടുത്തിരുന്നു. ശേഷം അവരെ വെടിവെച്ച് കൊല്ലുകയായിരുന്നു. 33 വയസ്സുകാരിയായ ഖതേര എന്ന ആ പൊലീസുകാരി കണ്ട അവസാന കാഴ്ച തന്റെ കൃഷ്ണമണി ലക്ഷ്യമാക്കി വരുന്ന മൂർച്ചയേറിയ കത്തിമുനയായിരുന്നു. അനുഭവിച്ച അവസാന സ്പർശം ഇടനെഞ്ച് തുളച്ചു കയറുന്ന വെടിയുണ്ടയുടെ ഘനമായിരുന്നു. അവർ ചെയ്ത കുറ്റം, തീവ്ര ഇസ്ലാമിക നിയമം ലംഘിച്ച് കുടുംബം പുലർത്താൻ ജോലിക്ക് പോയി എന്നതായിരുന്നു.
അന്ന് കേവലം നാല് പ്രവിശ്യകളിൽ മാത്രമാണ് താലിബാന് സ്വാധീനമുണ്ടായിരുന്നത്. എന്നാൽ ഇന്ന് അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളായ ജലാലാബാദും കബൂളും ഉൾപ്പെടെ മുപ്പത്തിനാല് പ്രവിശ്യകളും വാഴുന്നത് താലിബാൻ എന്ന കൊടും ക്രൂരന്മാരുടെ സംഘമാണ്. സൂപ്പർ ഹിറ്റ് ചിത്രമായ ബാഹുബലിയിലെ കാലകേയന്മാരുടെ പരിഷ്കൃത രൂപം എന്ന് വേണമെങ്കിൽ പറയാവുന്ന തരത്തിലുള്ള കൊടും ക്രൂരതകളാണ് ഇവർ എതിരാളികൾക്ക് മേൽ പരീക്ഷിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ താലിബാന്റെ മടങ്ങി വരവിന്റെ സാദ്ധ്യതകൾ സജീവമല്ലാതിരുന്ന കഴിഞ്ഞ മെയ് മാസത്തിൽ കമാലുദ്ദീൻ എന്ന ഒരു കാണ്ഡഹാർ സ്വദേശിയോട് വാൾ സ്ട്രീറ്റ് ജേണലിലെ മാധ്യമ പ്രവർത്തകൻ സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അനുഭവം അവർ രേഖപ്പെടുത്തിയിരുന്നത് ഇങ്ങനെയാണ്. മറ്റ് രാജ്യങ്ങളിലെയും താലിബാന്റെ പരിധിക്ക് പുറത്തുള്ള പ്രവിശ്യകളിലെയും യുവാക്കളെ പോലെ ഷേവ് ചെയ്ത താടിയും വൃത്തിയായി മിനുക്കിയ മീശയും വെച്ച് നടക്കണമെന്ന് ആഗ്രഹിച്ചാണ് യുവാവായ കമാലുദ്ദീൻ പട്ടണത്തിലെ സലൂണിൽ പോയത്. എന്നാൽ സലൂണിന്റെ പടിക്കൽ വെച്ച് ബോധോദയമുണ്ടായ അയാൾ അവിടെ കയറാതെ ഗ്രാമത്തിലേക്ക് മടങ്ങി. കാരണം തിരക്കിയ മാധ്യമ പ്രവർത്തകരോട് അയാൾ പറഞ്ഞത് തനിക്ക് തന്റെ പിതാവിനെയും സഹോദരനെയും ഓർമ്മ വന്നുവെന്നാണ്. താലിബാൻ ഭീകരരുടെ വിലക്ക് ലംഘിച്ച് സ്മാർട്ട്ഫോൺ ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ഇരുവരെയും കൊണ്ട് ഭീകരർ മൊബൈൽ സിം കാർഡും ബാറ്ററിയും തീറ്റിക്കുകയായിരുന്നു. പാട്ട് കേൾക്കുക, വീഡിയോകൾ കാണുക എന്നിവ അനിസ്ലാമികമാണെന്നും അത് ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകണമെന്നും മതഗ്രന്ഥങ്ങളെയും വ്യാഖ്യാനങ്ങളെയും മുൻ നിർത്തി സ്ഥാപിച്ചെടുക്കുകയാണ് ഇവർ ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ബുർഖകളുടെ വിൽപ്പനയിൽ ഉണ്ടായ അഭൂതപൂർവ്വമായ വർദ്ധനവ് വിരൽ ചൂണ്ടുന്നത് വർത്തമാനകാലത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ യാഥാർത്ഥ്യങ്ങളിൽ ഒന്നിലേക്കാണ്. സ്ത്രീകൾ ഇനി അനുഭവിക്കാനിരിക്കുന്ന അസ്വാതന്ത്ര്യത്തിന്റെയും അടിച്ചമർത്തലിന്റെയും കഥകൾ പ്രവചനാതീതമായിരിക്കും.
രണ്ടാം താലിബാൻ ഭരണം എന്ന് ഇടത് ചിന്തകന്മാർ ഓമനപ്പേരിട്ടു കഴിഞ്ഞ ഈ സർവ്വസംഹാരിയായ സത്വം അതിന്റെ വിഷനാവ് നീട്ടുന്നത് തൊണ്ണൂറുകളിലെ പ്രാകൃത ഭരണകാലത്തിലേക്ക് തന്നെയാണ്. തമ്മിൽ ക്രൂരൻ ആരെന്ന് തെളിയിക്കാൻ പരസ്പരം മത്സരിച്ച് നരനായാട്ട് നടത്തി രസിച്ച മുല്ലാ ദാദുള്ളയുടെയും പീർ ആഗയുടെയും മുല്ല ഒമറിന്റെയും കൊടും ക്രൂരതകളുടെ കാലത്തിലേക്ക്.
മുല്ലാ ദാദുള്ള : ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ വൻ ശക്തിയായി ഉയർന്നു വന്ന കാലത്ത് ഗാന്ധാരത്തിലെ ഇസ്ലാമിക മതമൗലികവാദ ശക്തികളുടെ നട്ടെല്ലായിരുന്നു മുല്ലാ ദാദുള്ള. താലിബാൻ തലവൻ മുല്ലാ ഒമറിന് സമാനമായ പദവി ഭീകരർക്കിടയിൽ ആസ്വദിച്ചിരുന്ന ഇയാൾ ഒമറുമായി ക്രൂരതയുടെ കാര്യത്തിൽ ആരോഗ്യപരമായ മത്സരത്തിൽ ഏർപ്പെട്ടിരുന്നു.
1980കളിൽ സോവിയറ്റ് സേനകൾക്കെതിരെ മുജാഹിദ്ദീൻ സേനയെ നയിച്ച കമാൻഡർമാരായിരുന്നു മുല്ലാ ദാദുള്ളയും മുല്ലാ ഒമറും. സോവിയറ്റ് വിരുദ്ധ ജിഹാദിൽ ദാദുള്ളക്ക് ഒരു കാലും ഒമറിന് ഒരു കണ്ണും നഷ്ടമായി. തങ്ങളുടെയോ താലിബാന്റെയോ വാക്കുകൾ ലംഘിക്കുന്നവരെ ഗ്രാമങ്ങൾ സഹിതം അഗ്നിക്കിരയാക്കുകയായിരുന്നു ദാദുള്ളയുടെ രീതി. ശത്രുക്കളുടെയും ചാരന്മാരുടെയും യുദ്ധത്തടവുകാരുടെയും തല വെട്ടുന്നതിന് പകരം അവരെ ചുട്ടുകൊല്ലുന്നതായിരുന്നു ഇയാളുടെ ഇഷ്ടശിക്ഷാ രീതി. നവജാത ശിശുക്കളെ പോലും ഇയാൾ ഇപ്രകാരം കൊലപ്പെടുത്തിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
നവജാത ശിശുക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മുല്ല ഒമർ ദാദുള്ളയെ 1997ൽ ഔദ്യോഗികമായി തരം താഴ്ത്തി എന്നാണ് പറയപ്പെടുന്നത്. എന്നാൽ പിന്നീടും താലിബാന്റെ വിശ്വസ്തനായി സേവനം തുടർന്ന് ദാദുള്ള ആയിരക്കണക്കിന് ആയുധധാരികളായ ഭീകരർക്ക് ചാവേർ ബോംബാകാൻ പരിശീലനം നൽകിയിരുന്നു.
2000ൽ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിലെ ഹസാറകളെ കൂട്ടക്കൊല ചെയ്യാൻ മുല്ലാ ദാദുള്ള ഉത്തരവിട്ടു. പഷ്തൂൺ മേധാവിത്വമുള്ള താലിബാനെ ഹസാറകൾ ആവും വിധം ചെറുത്തു നിൽക്കാൻ ശ്രമിച്ചു. ദാദുള്ളയുടെ നിർദേശപ്രകാരം താലിബാൻ ഭീകരർ സാധാരണക്കാരായ, ആയുധപാണികളല്ലാത്ത ഹസാറകളെ പോലും കൊന്നൊടുക്കി.
2001ൽ ബാമിയാനിലെ വിശ്വപ്രസിദ്ധമായ ബുദ്ധ പ്രതിമകൾ ബോംബിട്ട് തകർത്തതും മുല്ലാ ദാദുള്ളയുടെ നേതൃത്വത്തിലുള്ള താലിബാൻ ഭീകരരായിരുന്നു. അഫ്ഗാനിസ്ഥാനിലെ നൂറു കണക്കിന് ഷിയാ വിഭാഗക്കാരെയും അതേ വർഷം ഇയാൾ കൊന്നൊടുക്കി. എന്നാൽ വൈകാതെ അമേരിക്കൻ സേന താലിബാനെ പരാജയപ്പെടുത്തിയതോടെ ഒളിവിൽ പോയ മുല്ലാ ദാദുള്ളയെ 2007ൽ അമേരിക്കൻ- നാറ്റോ സഖ്യസേന വധിച്ചു.
പീർ ആഗാ:ക്രൂരതയുടെ കാര്യത്തിൽ മുല്ലാ ദാദുള്ളയുടെ പിൻഗാമിയായിരുന്നു പീർ ആഗാ. 2015ൽ മുല്ലാ ദാദുള്ളയുടെ കുടുംബത്തെ പീർ ആഗാ കൂട്ടക്കൊല ചെയ്തു എന്നതായിരുന്നു കണ്ണില്ലാത്ത കൊടും ക്രൂരതയ്ക്ക് കാലം അതേ നാണയത്തിൽ കാത്തു വെച്ചിരുന്ന മറുപടി. താലിബാന്റെ രഹസ്യങ്ങളുമായി കടന്നു കളഞ്ഞ ഒരു ഭീകരന് അഭയം കൊടുത്തു എന്നാരോപിച്ച് ഒരു ഗ്രാമത്തിലെ 8 വയസ്സിനും 80 വയസ്സിനും ഇടയിൽ പ്രായമുള്ള മുഴുവൻ പുരുഷന്മാരെയും ഇയാൾ എണ്ണം പറഞ്ഞ് കൊലപ്പെടുത്തി.
താലിബാൻ വിരുദ്ധരെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പേരിൽ മുല്ലാ മൻസൂറിന്റെ ആശീർവാദത്തോടെ 2013ൽ പീർ ആഗാ താലിബാന്റെ തലവനായി. മുല്ല ഒമറിന്റെ മരണത്തെ തുടർന്നായിരുന്നു ഇത്. 2018ൽ നേറ്റോ സേനയാണ് പീർ ആഗയെ വധിച്ചത്.
കൊടും ക്രൂരന്മാരായ താലിബാൻ ഭീകരരുടെ പട്ടിക ഇനിയും അനവധിയാണ്. ഈ പട്ടികയിലേക്ക് ക്രൂരതയുടെ പുതിയ പാഠങ്ങൾ എഴുതി ചേർക്കാൻ ഉത്സുകരായി കാത്തിരിക്കുകയാണ് അഫ്ഗാനിസ്ഥാനിൽ ജനാധിപത്യ സർക്കാരിനെ തകിടം മറിച്ച്, അഭിനവ ലിബറലുകളുടെ മൗനത്തിന്റെ അകമ്പടിയോടെ താലിബാൻ 2.0.