മോഹന്‍ലാല്‍ വസായ് ഫോര്‍ട്ടില്‍

വസായ്: മോഹന്‍ലാല്‍ തൊട്ടുമുന്പില് നില്ക്കുമ്പോള് ചിലര്‍ക്ക് ആശ്ചര്യം മറ്റു ചിലര്‍ക്ക് കൗതുകം എന്തായാലും പ്രിയതാരത്തെ കണ്കുളിള്ക്കെ കാണാനുള്ള അവസരം ആരും പാഴാക്കിയില്ല. താരജാഡകളില്ലാതെ ആരാധകരെ കൈവീശിക്കാണിച്ചും ക്ഷേമാന്വേഷണം നടത്തിയും മനംനിറയ്ക്കാന്‍ മലയാളത്തിന്റെ മഹാനടനും മറന്നില്ല.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ ക്ലൈമാക്സ് ചിത്രീകരണമാണ് വസായ് ഫോര്‍ട്ടില്‍ നടക്കുന്നത്. കഥാഗതിക്കനുസരിച്ച് പുരാതന കോട്ടയും മറ്റുമുള്ള ലോക്കേഷന്‍ വേണ്ടിയിരുന്നു.
ആദ്യമായാണ് ചരിത്രമുറങ്ങുന്ന വസായ് ഫോര്‍ട്ട് ഒരു മലയാളസിനിമയ്ക്ക് ലൊക്കേഷനാകുന്നത്. മലയാളികള്‍ ഏറെയുള്ള വസായില്‍ നാട്ടുകാര്‍ കാട്ടുന്ന ആവേശവും സഹകരണവും കൂടുതല്‍ സിനിമാപ്രവര്‍ത്തകരെ ഇവിടേക്കെത്തിച്ചേക്കുമെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍ പറഞ്ഞു. എറണാകുളം, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ഇതുവരെയുള്ള ഷൂട്ടിങ് നടന്നത്. ക്ലൈമാക്സിന് ആദ്യം ഹൈദരാബാദ് ആണ് പരിഗണിച്ചത്. അന്വേഷണം ഒടുവില്‍ വസായ് ഫോര്‍ട്ടില്‍ എത്തി.
വസായില്‍ തന്നെ താമസിക്കുന്ന ടീം ഞായറാഴ്ച പാക്കപ്പാകും. മെയ് എട്ടിനാണ് മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യുന്നത്.