തമിഴകം ഇരമ്പി, തകര്‍ത്താടി തലൈവ രസികര്‍

തലൈവരുടെ പടത്തില്‍ കുറവുകളെന്തുണ്ടെങ്കിലും ക്ഷമിക്കാന്‍ തമിഴകം ഒരുക്കമാണ്. സിനിമകാണനല്ല മറിച്ച് ചിത്രം സൃഷ്ടിക്കുന്ന ആരവത്തിന്റെ ഭാഗമാകാനാണ് ആരാധകര്‍ ആദ്യആഴ്ചകളില്‍ തിയേറ്ററുകളിലേക്കെത്തുന്നത്.
കൂറ്റന്‍ കട്ടൗട്ടുകളിലും രജനിചിത്രങ്ങളിലെ ഗാനങ്ങളിലും തെരുവുകള്‍ മുങ്ങിപോകുകയാണ്. പുലര്‍ച്ചേ ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം പാതിരാത്രിവരെ തുടരുന്നു. ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ഫാന്‍സ് നടത്തുന്നത് ഇവന്റ് മാനേജ്മെന്റിനെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ്.
നിര്‍മ്മാതാക്കളായ ഈറോസ് ഇന്റര്‍ നാഷണലിന്റെ വിജയാഘോഷങ്ങള്‍ അടുത്തവാരം മുതല്‍ ആരംഭിക്കും. ബൊമ്മപടമെന്ന അപഖ്യാതിപേറിവന്നചിത്രത്തിന് ലോകം നല്കിയ സ്വീകരണം അത്ഭുതപ്പെടുത്തിയതായി അണിയറ പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 125 കോടി ചിലവില്‍ പുറത്തിറക്കിയ ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ എഴുപത്തഞ്ചുകോടിക്കുമീതെ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. നാലുനാളിലെ കണക്കു പ്രകാരം കോച്ചടൈയാന്‍ ഇന്ത്യയ്ക്കകത്തുനിന്ന് 30 കോടിയും വിദേശരാജ്യങ്ങളില്‍നിന്ന് 12 കോടിയും സ്വന്തമാക്കികഴിഞ്ഞു. ചെന്നൈയിലെ പ്രധാനമള്ട്ടി പ്ലക്സുകളിലെല്ലാം ദിവസം കോച്ചടൈയാന്റെ നൂറിലധികം പ്രദര്‍ശനങ്ങളാണ് നടക്കുന്നത് . തമിഴകത്തെ മറ്റുതാരങ്ങള്ക്കൊന്നു ലഭിക്കാത്ത സ്വീകാര്യതയാണ് ജനമനസ്സില്‍ തനിക്കെന്ന് രജനികാന്ത് കോച്ചടൈയാനിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചു.
ആഘോഷത്തിനാരവം നല്കാന് ശിവകാശിയില്‍നിന്ന് നേരിട്ടാണ് ഇത്തവണ പടക്കങ്ങള്‍ എത്തിയത്. കൂറ്റന്‍ കട്ട് ഔട്ട്കളില് ലിറ്റര്‍ കണക്കിന് പാലാണ് ഒഴുകിയത്.
റിലീസിങ്ങ് തീയതി പുലര്‍ച്ചെ നാലിനാണ് ആദ്യ പ്രദര്‍ശനം നടന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം വീടടച്ചാണ് പടം കാണാന്‍ വരിനിന്നത്. ഓരോ ഷോ കഴിയുമ്പോഴും തിയേറ്ററിനകത്തെ പൂക്കളും മാലകളും എടുത്തുമാറ്റി അകം വൃത്തിയാക്കാന്‍ പ്രത്യക ജോലിക്കാരെ ഏര്‍പ്പാടാക്കിയിരുന്നു. ആക്ഷന്‍ സീനുകള്‍ സീറ്റിനുമുകളില്‍ നിന്നാണ് ആരാധകര്കണ്ടത്, സിനിമയില്‍ പാട്ടും ഡാന്‍സും തുടങ്ങുമ്പോള്‍ തിയേറ്ററിനകം നൃത്തശാലയായിമാറി. സ്റ്റൈല്‍മന്നനൊപ്പം ചുവടുവക്കാന്‍ ആരാധകര്‍ പരസ്പരം മത്സരിച്ചു.