സ്മാര്‍ട്ട് ഫോണും കണ്ണും

വ്യാപകമായി പ്രചാരത്തിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ കണ്ണുകള്‍ക്ക് ഹാനികരമാകുന്നെന്ന് വിദഗ്ധര്‍. ഇത്തരം ഫോണുകളില്‍നിന്ന് പ്രസരിക്കുന്ന നീലകലര്‍ന്ന വയലറ്റ് വെളിച്ചമാണ് വില്ലന്‍. ഇത് കണ്ണിന് കേട് വരുത്തുമെന്നാണ് കണ്ടെത്തല്‍. ദീര്‍ഘകാല ഉപയോഗം ഇക്കാര്യം ബോധ്യപ്പെടുത്തുമെന്ന് ബ്രിട്ടീഷ് നേത്രവിദഗ്ധന്‍ ആന്‍ഡി ഹെപ്വര്ത്ത് പറയുന്നു.
സ്മാര്‍ട്ട് ഫോണിന്റെ അമിതോപയോഗം കാരണം റെറ്റിനയ്ക്ക് കേടുവന്ന് അന്ധതയ്ക്ക് കാരണമാകുന്ന അവസ്ഥ (മാകുലാര്‍ ഡീജനറേഷന്‍) ഉണ്ടാകുമെന്ന് തെളിഞ്ഞതായി ഹെപ് വര്‍ത്ത് ചൂണ്ടിക്കാട്ടുന്നു. സാധാരണയായി പ്രായമുള്ളവരില്‍ കാണുന്ന നേത്ര രോഗമാണിത്. കൂടാതെ ഫോണില്‍നിന്ന് വരുന്ന നീല വയലറ്റ് വെളിച്ചം ഉറക്കത്തെ ബാധിക്കുമെന്നും മനോനിലയെ സ്വാധീനിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.
കമ്പ്യൂട്ടര്‍ സ്ക്രീനുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകള്‍ കണ്ണിലേക്ക് കൂടുതല്‍ അടുപ്പിച്ച് പിടിക്കുന്നത് കണ്ണിന് ക്ഷീണം വര്‍ധിപ്പിക്കുന്നു. കണ്ണുകളില്‍ വേദന, വരള്‍ച്ച, കാഴ്ചമങ്ങല്‍ തുടങ്ങിയവയും ഉണ്ടാകും.
കണ്ണടയോ കോണ്ടാക്ട് ലെന്‍സോ ഉപയോഗിക്കുന്നവര്‍ക്ക് കണ്ണിന്റെ ആയാസം കൂടും. കാരണം കൃത്രിമ കാഴ്ച സഹായികള്‍ ക്രമപ്പെടുത്തുന്നതിനുള്ള അധികജോലിയും ബ്ലൂ വയലറ്റ് രശ്മികളുണ്ടാക്കുന്ന പ്രശ്നവും കണ്ണിന് അധികമായി വരുന്നതിനാലാണിത്.
പുതിയകാലത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാതെ പറ്റില്ല. എന്നാല്‍ അവയുടെ ഉപയോഗം കുറയ്ക്കുകയാണ് അഭികാമ്യമെന്ന് നേത്രരോഗ വിദഗ്ധര്‍ പറയുന്നു. വെറുതെയിരിക്കുമ്പോള്‍ ഫോണ്‍വഴി സോഷ്യല്‍ മീഡിയയില്‍ കയറുകയാണ് യുവാക്കളുടെ പ്രധാന ഹോബി. ഫോണ്‍വഴിയുള്ള നെറ്റ് ഉപയോഗം കുറയ്ക്കണം. കണ്ണില്‍നിന്ന് അകറ്റിപ്പിടിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് കണ്ണുകളടച്ച് വിശ്രമിക്കുക, മെയിലുകള്‍ നോക്കുന്നതും ടൈപ്പ് ചെയ്യുന്നതും പരമാവധി കമ്പ്യൂട്ടര്‍/ ലാപ്ടോപ് വഴി ചെയ്യുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
ലോകത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 6.7 കോടി ഉപയോക്താക്കള്‍. ലോകത്ത് 150 കോടി പേര് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. യുവാക്കളാണ് കൂടുതല്‍ സമയം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്. ഇത് ഫോണ്‍ അടിമത്തം എന്ന അവസ്ഥയിലെത്തിയിട്ടുണ്ടെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് നടത്തിയ ഒരു സര്‍വേയില്‍ ഫോണ്‍ കിടക്കയ്ക്ക് അരികില്‍വെച്ച് ഉറങ്ങാന്‍ പോകുന്ന യുവാക്കള്‍ 81 ശതമാനവും എഴുന്നേറ്റാല്‍ ആദ്യ പ്രവൃത്തിയെന്ന നിലയില്‍ ഫോണ്‍ സന്ദേശങ്ങള്‍ നോക്കുന്നവര്‍ 74 ശതമാനം പേരും വരും. ബാത്ത് റൂമില്‍ ഫോണ്‍ കൊണ്ടുപോകുന്ന യുവാക്കളും ഏറെയുണ്ടെന്ന് സര്‍വേഫലങ്ങള്‍ പറയുന്നു.