മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ക്കെതിരെ പുതിയ മരുന്ന്

മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിനേടിയ മാരക ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിവുള്ള ആന്റിബോയോട്ടിക്സ് കണ്ടെത്തിയതായി ഗവേഷകര്‍. ഓക്സാഡയാസോളസ് വിഭാഗത്തില്‍പ്പെട്ട പുതിയയിനം ആന്റിബയോട്ടിക്ക് മരുന്നാണ് അമേരിക്കയിലെ നോര്‍ട്ടെ ഡാം സര്‍വകലാശാലയിലെ ഗവേഷകരായ മെയ്ലാന്‍ഡ് ചാങ്ങിന്റെയും ഷഹരിയാര്‍ മൊബാഷറിയുടെയും നേതൃത്വത്തില്‍ വികസിപ്പിച്ചത്.
മെത്തിസിലിന്‍ വിഭാഗം മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള സ്റ്റാഫിലോകോക്കസ് ഓറിയസ് (എം.എസ്.ആര്.എ.) ബാക്ടീരിയകള്‍ ആരോഗ്യരംഗത്ത് വലിയ ഭീഷണിയായ സാഹചര്യത്തില്‍ പുതിയ കണ്ടെത്തലിന് വലിയ പ്രാധാന്യമാണുള്ളത്. ഗുളികരൂപത്തില്‍ കഴിക്കാമെന്നതും ഓക്സാഡയോസോളസ് മരുന്നുകളുടെ സവിശേഷതയാണ്.
അമേരിക്കയില്‍ മാത്രം വര്‍ഷത്തില്‍ 19000 പേരെങ്കിലും മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയാ ബാധമൂലം മരിക്കുന്നതായാണ് കണക്ക്. മൂന്നുമരുന്നുകള് മാത്രമാണ് ഇത്തരം രോഗാണുക്കള്‍ക്കെതിരെ ഉപയോഗിക്കുത്.
എന്നാല്‍, ഇവക്കെതിരെയും രോഗാണുക്കള്‍ പ്രതിരോധശേഷി നേടിക്കഴിഞ്ഞു. ബാക്ടീരിയകള്‍ മരുന്നുകളെ അതിജീവിക്കാന്‍ ശേഷിനേടുന്നതെങ്ങനെയെന്ന് മനസ്സിലാക്കിയാണ് പുതിയമരുന്ന് വികസിപ്പിച്ചിട്ടുള്ളതെന്ന് ചാങ്ങ് വെളിപ്പെടുത്തി.
അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.