ഡല്‍ഹി: റഷ്യ യുക്രൈൻ യുദ്ധം രൂക്ഷമായ ഖര്‍കീവില്‍ ഇനി ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇപ്പോള്‍ സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറ്റുക എന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വാക്താവ് അരവിന്ദം ബാഗ്ചി വ്യക്തമാക്കി.
സുമിയാണിപ്പോള്‍ പ്രധാന പ്രശ്നം. ഷെല്ലാക്രമണം തുടരുന്നത് ജീവന് അപകടത്തിലാക്കാം. വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.എന്നാൽ സുമിയില്‍ സംഘര്‍ഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. 63 ഫ്ളൈറ്റുകളിലായി 13,300 പേരെ ഇന്ത്യയിലെത്തിയച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓപ്പറേഷന് ഗംഗയുടെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ 13 ഫ്ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്തതായി ബാഗ്ചി അറിയിച്ചു.
ഡല്‍ഹിയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ കേരളഹൗസില്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.