സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ഗൂഗിൾ. ഇന്നു മുതല്‍ പ്ലേസ്റ്റോറില്‍ കോള്‍ റെക്കോഡിങ് ആപ്പുകള്‍ ലഭ്യമാവുകയില്ല. പ്ലേ സ്റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിൾ വ്യക്തമാക്കിയിരുന്നു.
അതേസമയം ഫോണുകളിൽ നിലവിലുള്ള കോൾ റെക്കോർഡിംഗ് ഫീച്ചറുകൾക്ക് മാറ്റമുണ്ടാകില്ല. ഗൂഗിളിന്റെ സ്വന്തം ഡയലര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍, 'ഈ കോള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന മുന്നറിയിപ്പുമായിട്ടായിരിക്കും പ്രവർത്തിക്കുക. റെക്കോര്‍ഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഇരുവശത്തും ഇതു വ്യക്തമായി കേള്‍ക്കുന്നുവെന്നും ഗൂഗിൾ ഉറപ്പ് വരുത്തും.
ഗൂഗിളിന്റെ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ നീക്കം ചെയ്തിരുന്നു. ആന്‍ഡ്രോയിഡ് 6-ല്‍ ലൈവ് കോള്‍ റെക്കോര്‍ഡിംഗും തുടര്‍ന്ന് ആന്‍ഡ്രോയിഡ് 10 ഉപയോഗിച്ച് മൈക്രോഫോണിലൂടെ ഇന്‍-കോള്‍ ഓഡിയോ റെക്കോര്‍ഡിംഗും ഗൂഗിള്‍ തടഞ്ഞിട്ടുണ്ട്.