ദുബായ്: ട്വെന്റി 20 ലോകകപ്പ് രണ്ടാം സെമി ഫൈനൽ മത്സരത്തിൽ പാകിസ്ഥാനെ പുറത്താക്കി ഓസ്ട്രേലിയ ഫൈനലിൽ. ദുബായിലെ പിച്ചിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ മുഹമ്മദ് റിസ്വാന്റെയും ഫഖർ സമാന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളുടെ മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ഈ ലോകകപ്പിൽ ദുബായിലെ ഏറ്റവും ഉയർന്ന ആദ്യ ഇന്നിംഗ്സ് സ്കോറാണ് പാകിസ്ഥാൻ പടുത്തുയർത്തിയത്.
റിസ്വാൻ 52 പന്തിൽ 67 റൺസ് നേടിയപ്പോൾ 32 പന്തിൽ 55 റൺസുമായി സമൻ പുറത്താകാതെ നിന്നു. ബാബർ അസം 39 റൺസെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 38 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ ഡേവിഡ് വാർണർ ഓസ്ട്രേലിയക്കായി 49 റൺസ് നേടി. എന്നാൽ 17 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ മാത്യു വെയ്ഡും 31 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്ന മാർക്കസ് സ്റ്റോയ്നിസുമാണ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. അവസാന നിമിഷം മാത്യു വെയ്ഡിന്റെ അനായാസ ക്യാച്ച് ഹസൻ അലി നഷ്ടപ്പെടുത്തി. ഷഹീൻ അഫ്രീഡി എറിഞ്ഞ് 19ആം ഓവറിൽ തകർപ്പൻ മൂന്ന് സിക്സറുകൾ പായിച്ച് വെയ്ഡ് ഓസീസിന് അവിശ്വസനീയ ജയവും ഫൈനൽ ബർത്തും ഉറപ്പാക്കി. 26 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ശദബ് ഖാൻ പാകിസ്ഥാന് വേണ്ടി നന്നായി പന്തെറിഞ്ഞു.
സ്കോർ:
പാകിസ്ഥാൻ: 20 ഓവറിൽ 176/4
ഓസ്ട്രേലിയ: 19 ഓവറിൽ 177/5
ഞായറാഴ്ച ഇതേ വേദിയിൽ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ന്യൂസിലാൻഡിനെ നേരിടും.