അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രനാഡയെ 1_0നു തോല്പിച്ച അത്ലറ്റിക്കോ മഡ്രിഡ് സ്പാനിഷ് ലാ ലിഗ പോയിന്റ് പട്ടികയില്‍ റയല്‍ മഡ്രിഡനെ പിന്തള്ളി ഒന്നാം സ്ഥാനത്ത്. സെവിയ്യയോട് 2_1നു തോറ്റതു റയല്‍ മഡ്രിഡിനു കിരീടപ്പോരാട്ടത്തില്‍ കനത്ത തിരിച്ചടിയായി. നെയ്മറുടെ ഡബിളും ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളും നിറംപകര്‍ന്ന കളിയില്‍ സെല്‍റ്റ വിഗോയെ ബാര്‍സിലോന 3_0നു കീഴടക്കുകകൂടി ചെയ്തതോടെ ലീഗ് കിരീടത്തിലേക്കുള്ള കുതിപ്പ് ഫോട്ടോഫിനിഷില്‍ എത്തുമെന്നുറപ്പായി. എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ എവേ പോരാട്ടത്തില്‍ തോല്പിച്ചതിന്റെ ആത്മവിശ്വാസം ആവോളമുള്ള കളിയായിരുന്നു ബാര്സിലോനയുടേത്. ആറാം മിനിറ്റിലെ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ നെയ്മര്‍ ബാര്‍സിലോനയെ മുന്നിലെത്തിച്ചു. 30_ാം മിനിറ്റില്‍ മെസ്സിയുടെ ഗോള്‍. 67_ാം മിനിറ്റില്‍ അലക്സിസ് സാഞ്ചെസിന്റെ ലോങ് ബോള്‍ സ്വീകരിച്ച നെയ്മര്‍ ഡബിള്‍ തികച്ചു. ലാ ലിഗയില്‍ നെയ്മറിന്റെ ഒന്‍പതാം ഗോള്‍. 63_ാം മിനിറ്റില്‍ ഹൊസെ സോസയുടെ ക്രോസിനു തലവച്ചാണു ഡിയേഗോ കോസ്റ്റ അത്ലറ്റിക്കോയ്ക്കു വിജയവഴിയൊരുക്കിയത്. ഒന്നാമതെത്തിയ അത്ലറ്റിക്കോയ്ക്കു 30 കളിയില്‍ 73 പോയിന്റായി. ഒരു പോയിന്റ് പിന്നിലാണു ബാര്‍സിലോന. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്കില്‍ ലീഡ് നേടിയ ശേഷമായിരുന്നു റയല്‍ മഡ്രിഡ് രണ്ടുഗോള്‍ വഴങ്ങി കളി തോറ്റത്. കാര്‍ലോസ് ബക്കാ സെവിയ്യയ്ക്കായി ഡബിള്‍ നേടി. ലീഗില്‍ സെവിയ്യയുടെ തുടര്‍ച്ചയായ ആറാം വിജയമാണിത്. തോല്‍വിയോടെ മൂന്നുപോയിന്റ് നഷ്ടപ്പെട്ട റയല്‍ 70 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. 27 ഗോള്‍ പേരിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണു ലീഗ് ടോപ് സ്കോറര്‍മാരുടെ നിരയില്‍ ഒന്നാം സ്ഥാനത്ത്. ഡിയേഗോ കോസ്റ്റ (24), ലയണല്‍ മെസ്സി (22) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലീഗില്‍ നാലാം സ്ഥാനവും അതുവഴി അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിനു നേരിട്ടു യോഗ്യതയും ലക്ഷ്യംവച്ചു കുതിക്കുന്ന സെവിയ്യ 50 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. ആദ്യ നാലു സ്ഥാനക്കാര്‍ക്കാണു നേരിട്ടു യോഗ്യത.