വാഷിംഗ്ടൺ: പ്രചാരണത്തിലും നയരൂപീകരണത്തിലും ജനങ്ങളാണ് തന്റെ ശക്തിയെന്നും വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്നും കമല ഹാരിസ്. ഓരോ വോട്ടും നേടാൻ പരമാവധി പരിശ്രമിക്കുമെന്നും അവർ പറഞ്ഞു.
നവംബർ 5ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റായ കമലയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വത്തിൽ നിന്നും ബൈഡൻ പിന്മാറിയതോടെ, ജൂലൈ 27ന് ഇന്ത്യൻ വംശജയായ കമല ഹാരിസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു.
മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമലയുടെ വിജയം ഉറപ്പിക്കാൻ ഭാര്യ മിഷേലിന്റെ നേതൃത്വത്തിൽ വനിതാ നേതാക്കളുടെ സംഘം പ്രചാരണ രംഗത്ത് സജീവമായിരിക്കുമെന്നും ഒബാമ അറിയിച്ചു. മഹതിയായ വൈസ് പ്രസിഡന്റ് എന്നാണ് ഒബാമ കമലയെ വിശേഷിപ്പിച്ചത്
അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് നിലവിൽ ഏറ്റവും അനുയോജ്യയായ വ്യക്തിത്വമാണ് കമല ഹാരിസ്. അവർക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയാണെന്ന് നടനും ഡെമോക്രാറ്റിക് അനുയായിയുമായ ജോർജ്ജ് ക്ലൂണിയും വ്യക്തമാക്കി.
മികച്ച നേതൃപാടവത്തിന് ഉടമയാണ് കമല ഹാരിസ് എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. നേതൃനിരയിൽ അവരുടെ കരുത്തുറ്റ പിന്തുണ അതുല്യമായിരുന്നു. കമലയുടെ പ്രവർത്തനങ്ങൾ ശരിയായി വിലയിരുത്താൻ അമേരിക്കൻ ജനതയ്ക്ക് സാധിക്കട്ടെയെന്ന് ബൈഡൻ ആശംസിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി ശരിയായ നേതാവിനെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് മാദ്ധ്യമ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.