ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും, സോഫ്റ്റ് വെയർ കമ്പനിയായ പോസിഡെക്സ് ടെക്നോളജിസ് (Posidex Technologies) എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട ദത്ത സായി ആണ് വരൻ. ഈ മാസം 22 ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം.
ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങൾ നീളുന്ന പരിചയമാണെന്നും , എന്നാൽ ഒരുമാസം മുൻപാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുൻ വോളിബോൾ താരവുമായ പി.വി. രമണ പറഞ്ഞു.ജനുവരിയിൽ സിന്ധു വീണ്ടും മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാൽ അതിനുമുൻപുള്ള ഇടവേളയിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും രമണ പറഞ്ഞു.
ഡിസംബർ 20 മുതല്‍ 3 ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഡിസംബർ 24ന് ഹൈദരാബാദിൽ വച്ചാണ് വിവാഹസത്കാരം.. 2016, 2020 ഒളിമ്പിക്സുകളിൽ മെഡൽജേതാവാണ് 29 കാരിയാണ് സിന്ധു. കഴിഞ്ഞദിവസം സയ്യിദ് മോദി ടൂർണമെന്റിലെ വനിതാ സിംഗിൾസിൽ കിരീടം സ്വന്തമാക്കി.