പെർത്ത്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം. 534 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ, നാലാം ദിനം അവസാന സെഷനിൽ 238 റൺസിന് പുറത്തായി. ഇതോടെ 295 റൺസിന്റെ തകർപ്പൻ ജയത്തോടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.
3ന് 12 എന്ന നിലയിൽ നാലാം ദിനം കളി തുടങ്ങിയ ഓസ്ട്രേലിയക്ക് 5 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഉസ്മാൻ ഖവാജയെ നഷ്ടമായി. 4 റൺസ് എടുത്ത ഖവാജയെ സിറാജ് പന്തിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പിടിച്ചു നിൽക്കാൻ ശ്രമിച്ച സ്മിത്തിനെയും സമാനമായ രീതിയിൽ സിറാജ് പുറത്താക്കി. എന്നാൽ ആറാം വിക്കറ്റിൽ ട്രവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ് ഓസ്ട്രേലിയക്ക് ആശ്വാസം പകർന്നു.
89 റൺസെടുത്ത ഹെഡിനെ ബൂമ്ര പന്തിന്റെ കൈകളിൽ എത്തിച്ചു. വൈകാതെ 47 റൺസെടുത്ത മാർഷിനെ ബൗൾഡാക്കി നിതീഷ് റെഡ്ഡി ആദ്യ വിക്കറ്റ് നേട്ടം ആഘോഷമാക്കി. കേയ്രിക്കൊപ്പം പിടിച്ചു നിൽക്കാൻ ശ്രമിച്ച സ്റ്റാർക്കിനെ വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ ധ്രുവ് ജുറെൽ പിടിച്ച് പുറത്താക്കി. ചായക്ക് ശേഷമുള്ള ആദ്യ പന്തിൽ നഥാൻ ലിയോണിനെ സുന്ദർ പൂജ്യത്തിന് മടക്കി. 36 റൺസുമായി ചെറുത്തു നിൽക്കാൻ ശ്രമിച്ച കേയ്രിയെ ഹർഷിത് റാണ ക്ലീൻ ബൗൾഡ് ആക്കിയതോടെ, ഇന്ത്യ ചരിത്ര വിജയം ആഘോഷിച്ചു.
3 വിക്കറ്റുകൾ വീതം വീഴ്ത്തിയ ബൂമ്രക്കും സിറാജിനുമൊപ്പം 2 വിക്കറ്റുകൾ പിഴുത സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ റാണയും റെഡ്ഡിയും കൂടി ചേർന്നതോടെ, ഓസ്ട്രേലിയയുടെ പതനം പൂർത്തിയായി. ഹെഡാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
നേരത്തേ, ഒന്നാം ഇന്നിംഗ്സിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് 150 റൺസിന് പുറത്തായ ശേഷം ശക്തമായ മടങ്ങി വരവാണ് മത്സരത്തിൽ ഇന്ത്യ നടത്തിയത്. ഒന്നാം ഇന്നിംഗ്സിൽ ഓസീസിനെ 104 റൺസിൽ ഒതുക്കിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സ് 6ന് 487 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ബൂമ്രയുടെ 5 വിക്കറ്റ് നേട്ടം, ജയ്സ്വാളിന്റെയും കോഹ്ലിയുടെയും സെഞ്ച്വറികൾ, രാഹുലിന്റെ ചെറുത്തു നിൽപ്പ്, നിതീഷ് റെഡ്ഡിയുടെ സ്ഥിരതയാർന്ന പ്രകടനം എന്നിവ ഇന്ത്യക്ക് മുതൽക്കൂട്ടായി.
ഈ ജയത്തോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന ഇന്ത്യൻ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചു. പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ 6 മുതൽ അഡ്ലെയ്ഡിലാണ്.