സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 11 റൺസിന്റെ തകർപ്പൻ ജയം. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആതിഥേയർക്കെതിരെ ഇന്ത്യ 20 ഓവറിൽ 6ന് 219 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. തിലക് വർമ്മയുടെ തകർപ്പൻ സെഞ്ച്വറിയും അഭിഷേക് ശർമ്മയുടെ അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ പ്രോട്ടീസിന് 20 ഓവറില് 7 വിക്കറ്റിന് 208 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
തുടർച്ചയായ രണ്ടാം മത്സരത്തിലും മാർക്കോ യാൻസന് മുന്നിൽ ഡക്കായി സഞ്ജു മടങ്ങിയപ്പോൾ ക്രീസിൽ ഒത്തുചേർന്ന അഭിഷേക് ശർമ്മയും തിലക് വർമ്മയും ചേർന്ന് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ അതിവേഗം ഇന്ത്യൻ സ്കോർ ഉയർന്നു. ഒൻപതാമത്തെ ഓവറിൽ 25 പന്തിൽ 50 റൺസുമായി അഭിഷേക് മടങ്ങുമ്പോൾ ഇന്ത്യ 107 റൺസിൽ എത്തിയിരുന്നു. തുടർന്ന് വന്ന ക്യാപ്ടൻ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും പെട്ടെന്ന് മടങ്ങിയെങ്കിലും, മറുവശത്ത് റിങ്കു സിംഗിനെ കാഴ്ചക്കാരനാക്കി തിലക് അടിച്ചു തകർത്തു. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 56 പന്തിൽ 107 റൺസ് എടുത്ത വർമ്മ പുറത്താകാതെ നിൽക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സീമെലെയ്ൻ, കേശവ് മഹാരാജ് എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി 17 പന്തിൽ 54 റൺസുമായി യാൻസനും 41 റൺസെടുത്ത ക്ലാസനും പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം അകന്ന് നിന്നു. അവസാന ഓവറിലെ മൂന്നാം പന്തിൽ അർഷ്ദീപ് യാൻസനെ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കായിരുന്നു ജയം. നാലാമത്തെ മത്സരം നവംബർ 15ന് ജോഹന്നാസ്ബർഗിൽ നടക്കും.