ഹൈദരാബാദ്: സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കരുത്തരായ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. ബാറ്റിംഗ് പറുദീസയായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 43 റൺസിനാണ് മുംബൈയെ വീഴ്ത്തിയത്. നിശ്ചിത ഓവറുകളിൽ 5ന് 234 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയ കേരളത്തിനെതിരെ മുംബൈയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ അവസാനിച്ചു.
49 പന്തിൽ 99 റൺസുമായി പുറത്താകാതെ നിന്ന സൽമാൻ നിസാറും 48 പന്തിൽ 87 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ രോഹൻ കുന്നുമ്മലും ചേർന്ന് മൂന്നാം വിക്കറ്റിൽ 140 റൺസ് പടുത്തുയർത്തിയതാണ് മത്സരത്തിൽ നിർണായകമായത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്ടൻ സഞ്ജു സാംസൺ 4 റൺസുമായി മടങ്ങിയത് കേരളത്തിന് തിർച്ചടിയായി. എന്നാൽ, 5 ഫോറും 8 സിക്സുകളും അടിച്ചു കൂട്ടിയ നിസാറും 5 ഫോറും 7 സിക്സുകളും അടിച്ചു കൂട്ടിയ കുന്നുമ്മലും ചേർന്ന് കേരളത്തെ മത്സരത്തിലേക്ക് ശക്തമായി തിരികെ കൊണ്ടുവരികയായിരുന്നു.
മുംബൈക്ക് വേണ്ടി മോഹിത് അവസ്തി 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ താരം ശാർദുൽ ഠാക്കൂറിന്റെ 4 ഓവറുകളിൽ നിന്നും 69 റൺസാണ് കേരള ബാറ്റ്സ്മാന്മാർ അടിച്ചെടുത്തത്. സഞ്ജുവിന്റെ വിക്കറ്റ് ഠാക്കൂറിനാണ്.
മറുപടി ബാറ്റിംഗിൽ പരിചയസമ്പന്നരായ മുംബൈ നിര പലപ്പോഴും ജയപ്രതീക്ഷ ഉണർത്തിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ സാധിച്ചത് കേരളത്തിന് നേട്ടമായി. 35 പന്തിൽ 68 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്കോറർ. ക്യാപ്ടനും മലയാളി താരവുമായ ശ്രേയസ് അയ്യർ 32 റൺസെടുത്തു. ഓപ്പണർ പൃഥ്വി ഷാ (23), വിക്കറ്റ് കീപ്പർ ഹാർദിക് താമോർ (23), ആംഗ്ക്രിഷ് രഘുവംശി (16) എന്നിവരാണ് മുംബൈയുടെ മറ്റ് പ്രധാന സ്കോറർമാർ.
4 ഓവറിൽ 30 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിംഗ് ഇന്ത്യൻ താരങ്ങളാൽ സമ്പന്നമായ മുംബൈക്ക് വെല്ലുവിളിയായി. വിനോദ് കുമാർ, അബ്ദുൾ ബാസിത് എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ എൻ ബേസിലിന് ഒരു വിക്കറ്റ് ലഭിച്ചു.