ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ എൻഡിഎ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഭരണം നിലനിർത്തുമ്പോൾ, ഝാർഖണ്ഡിൽ ഇൻഡിയ സഖ്യത്തിൽ നിന്നും എൻഡിഎ സഖ്യം അധികാരം പിടിച്ചെടുക്കുമെന്നും പ്രമുഖ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.
മഹാരാഷ്ട്രയിൽ എൻഡി സർക്കാർ അധികാരം നിലനിർത്തുമെങ്കിലും മഹാവികാസ് അഘാഡി മികച്ച പ്രകടനം കാഴ്ചവെക്കും. എന്നാൽ 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ അവർക്ക് സാധിക്കില്ല.
പി- മാർക്ക് എക്സിറ്റ് പോൾ പ്രകാരം മഹായുതി സഖ്യം 137 മുതൽ 157 സീറ്റുകൾ നേടുമ്പോൾ, മഹാവികാസ് അഘാഡി സഖ്യത്തിന് 126 മുതൽ 147 സീറ്റുകൾ വരെ ലഭിക്കും. മറ്റുള്ളവർ 2 മുതൽ 8 സീറ്റുകൾ വരെ നേടും.
മാട്രീസ് എക്സിറ്റ് പോൾ 150 മുതൽ 170 വരെ സീറ്റുകൾ മഹായുതി സഖ്യത്തിന് പ്രവചിക്കുമ്പോൾ, മഹാവികാസ് അഘാഡിക്ക് 110 മുതൽ 130 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 8 മുതൽ 10 വരെ സീറ്റുകളും ലഭിക്കാം.
ചാണക്യയുടെ പ്രവചന പ്രകാരം മഹായുതിക്ക് 150 മുതൽ 152 വരെ സീറ്റുകൾ ലഭിക്കുമ്പോൾ മഹാവികാസ് അഘാഡിക്ക് 130 മുതൽ 138 വരെ സീറ്റുകൾ ലഭിക്കും. മറ്റുള്ളവർക്ക് 6 മുതൽ 8 വരെ സീറ്റുകളും ലഭിക്കും.
പീപ്പിൾസ് പൾസിന്റെ പ്രവചന പ്രകാരം മഹായുതി 175 മുതൽ 195 വരെ സീറ്റുകൾ നേടി വമ്പൻ ജയം നേടുമ്പോൾ മഹാവികാസ് അഘാഡിക്ക് ലഭിക്കുക 85 മുതൽ 112 വരെ സീറ്റുകൾ മാത്രമായിരിക്കും. മറ്റുള്ളവർക്ക് പ്രവചിക്കപ്പെടുന്നത് 7 മുതൽ 12 വരെ സീറ്റുകളാണ്.
ടൈംസ് നൗ- ജെവിസി മഹായുതിക്ക് 150 മുതൽ 167 വരെ സീറ്റുകൾ ലഭിക്കുമെന്ന് പറയുമ്പോൾ, മഹാവികാസ് അഘാഡിക്ക് പ്രവചിക്കപ്പെടുന്നത് 107 മുതൽ 125 വരെ സീറ്റുകളും മറ്റുള്ളവർക്ക് 13 മുതൽ 14 വരെ സീറ്റുകളുമാണ്.
ലോക്ഷാഹി മറാത്തി രുദ്രയുടെ എക്സിറ്റ് പോൾ മഹായുതിക്ക് പ്രവചിക്കുന്നത് 128 മുതൽ 142 വരെ സീറ്റുകളും മഹാവികാസ് അഘാഡിക്ക് പ്രവചിക്കുന്നത് 110 മുതൽ 125 വരെ സീറ്റുകളും മറ്റുള്ളവർക്ക് 18 മുതൽ 33 വരെ സീറ്റുകളുമാണ്.
ബിജെപി, ശിവസേന, എൻസിപി എന്നിവരാണ് മഹായുതിയിലെ അംഗങ്ങൾ. കോൺഗ്രസിനൊപ്പം ശിവസേന(യുബിടി), എൻസിപി(എസ്പി) എന്നിവരാണ് മഹാവികാസ് അഘാഡിയിലെ പ്രബല കക്ഷികൾ.മഹാരാഷ്ട്ര നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്.
മഹായുതിയും മഹാവികാസ് അഘാഡിയും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. ശിവസേനയും എൻസിപിയും പിളർന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്.
ബിജെപി നയിക്കുന്ന മഹായുതിയുടെ ജയസാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നിരവധി റാലികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിൽ നടത്തിയത്. മിക്കയിടങ്ങളിലും കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണമാണ് അദ്ദേഹം അഴിച്ചുവിട്ടത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരും സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശിവസേന(യുബിടി) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻഷിപി(എസ്പി) അദ്ധ്യക്ഷൻ ശരദ് പവാർ എന്നിവർ പ്രതിപക്ഷത്തിന് വേണ്ടിയും പ്രചാരണം നയിച്ചു.
2022ൽ ശിവസേനയിലുണ്ടായ പിളർപ്പിനെ തുടർന്നാണ് ഉദ്ധവ് താക്കറെക്ക് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തേണ്ടത് ഉദ്ധവിന് അഭിമാന പ്രശ്നമാണ്. മഹായുതി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ഉദ്ധവിന്റെ പ്രധാന എതിരാളി. ബാൽ താക്കറെയുടെ യഥാർത്ഥ പിൻഗാമി ആര് എന്ന് തെളിയിക്കാൻ ഇരുവരും തമ്മിൽ വാശിയേറിയ പോരാട്ടത്തിലാണ്.
മഹായുതി സർക്കാരിൽ ഉപമുഖ്യമന്ത്രിയായി എത്തിയ അജിത് പവാർ, എൻസിപിയെ പിളർത്തിക്കൊണ്ടാണ് തന്റെ രാഷ്ട്രീയ നീക്കം വിജയിപ്പിച്ചത്. എൻസിപി(എസ്പി)യെ നയിക്കുന്ന അമ്മാവൻ ശരദ് പവാറിന് മുന്നിൽ അജിത്തിനും ഇത് അഭിമാന പോരാട്ടമാണ്.
കഴിഞ്ഞ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിതമായ തോൽവിയുടെ ഞെട്ടലിലാണ് കോൺഗ്രസ് ഇപ്പോഴും. മറുവശത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മഹായുതി സഖ്യവും ജനപ്രിയ ക്ഷേമ പദ്ധതികളിലൂടെ തിരിച്ചു വരാനുള്ള പരിശ്രമത്തിലാണ്.
ഝാർഖണ്ഡിൽ, നിലവിലെ ജെ എം എം സഖ്യസർക്കാരിനെ അട്ടിമറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. സംസ്ഥാനത്തെ 81 സീറ്റുകളിലേക്കായി രണ്ട് ഘട്ടമായിട്ടായിരുന്നു പോളിംഗ്.
ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോൾ പ്രകാരം ബിജെപി നയിക്കുന്ന എൻഡിഎക്ക് സംസ്ഥാനത്ത് 45 മുതൽ 50 സീറ്റുകൾ വരെ ലഭിക്കും. ജെ എം എം- കോൺഗ്രസ് സഖ്യത്തിന് 35 മുതൽ 38 വരെ സീറ്റുകളാകും ലഭിക്കുക. മറ്റുള്ളവർക്ക് 3 മുതൽ 5 വരെ സീറ്റുകൾ ലഭിച്ചേക്കാം.
പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ പ്രകാരം എൻഡിഎക്ക് 44 മുതൽ 53 വരെ സീറ്റുകൾ ലഭിക്കുമ്പോൾ, 25 മുതൽ 37 വരെ സീറ്റുകൾ ഇൻഡിയ സഖ്യത്തിനും 5 മുതൽ 9 വരെ സീറ്റുകൾ മറ്റുള്ളവർക്കും ലഭിക്കും.
മാട്രീസ് എക്സിറ്റ് പോൾ പ്രകാരം എൻഡിഎക്ക് 42 മുതൽ 47 വരെ സീറ്റുകൾ ലഭിക്കാം. ഇൻഡിയ സഖ്യത്തിന് 25 മുതൽ 30 വരെ സീറ്റുകളും മറ്റുള്ളവർക്ക് 1 മുതൽ 4 വരെ സീറ്റുകളും ലഭിക്കും.
ടൈംസ് നൗ- ജെവിസി പ്രവചന പ്രകാരം എൻഡിഎക്ക് 40 മുതൽ 44 വരെ സീറ്റുകൾ ലഭിക്കുമ്പോൾ ഇൻഡിയ സഖ്യത്തിന് ലഭിക്കുക 30 മുതൽ 40 വരെ സീറ്റുകളായിരിക്കും.
അതേസമയം, 53 സീറ്റുകളുമായി ഇൻഡിയ സഖ്യം ഝാർഖണ്ഡിൽ അധികാരം നിലനിർത്തുമെന്നാണ് മൈ ആക്സിസ് പ്രവചിക്കുന്നത്. എൻഡിഎ 25 സീറ്റുകളിൽ ഒതുങ്ങുമ്പോൾ, ഒരിടത്ത് സ്വതന്ത്രനും ഒരിടത്ത് ഝാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ചയും വിജയിക്കുമെന്നുമാണ് പ്രവചനം.
ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ, ജെഡിയു, റാം വിലാസ് പസ്വാന്റെ എൽജെപി എന്നിവയാണ് എൻഡിഎ സഖ്യത്തിലെ പാർട്ടികൾ. കോൺഗ്രസ്, ആർജെഡി, സിപിഐ(എം എൽ) എന്നിവയാണ് ഇൻഡിയ സഖ്യത്തിലെ പ്രധാന പാർട്ടികൾ.
എല്ലാ പാർട്ടികളുടെയും നേതാക്കൾ ശക്തമായ പ്രചാരണമാണ് ഝാർഖണ്ഡിലും നടത്തിയത്. പ്രധാനമന്ത്രി മോദി, അമിത് ഷാ, മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ജെ എം എം അദ്ധ്യക്ഷനും ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ എന്നിവർ വിവിധയിടങ്ങളിൽ പ്രചാരണം നയിച്ചു.