ധാക്ക: ഇന്ത്യയിലേക്ക് യാത്ര ചെയ്യാനെത്തിയ ഇസ്കോൺ അംഗങ്ങളെ ബംഗ്ലാദേശ് തടഞ്ഞതായി റിപ്പോർട്ട്. സാധുവായ യാത്രാ രേഖകൾ ഉണ്ടായിട്ടും അവ കൈവശമില്ലെന്ന് ആരോപിച്ച് 54 സന്യാസിമാർക്കാണ് ബംഗ്ലാദേശ് അതിർത്തി അധികൃതർ അനുമതി നിഷേധിച്ചത്. ഇവരുടെ യാത്രയ്ക്ക് പ്രത്യേക സർക്കാരിന്റെ അനുമതി ഇല്ലാത്തതിനാലാണ് തടഞ്ഞതെന്ന് ഇമിഗ്രേഷൻ അധികൃതർ ചൂണ്ടിക്കാട്ടി.
ബെനാപോൾ അതിർത്തിയിലെത്തിയവർ മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് അനുമതിയില്ലെന്ന് അറിഞ്ഞത്. ‘ ഞങ്ങൾ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചുമായി ആലോചിച്ചു , അവരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികൃതരിൽ നിന്ന് നിർദേശം ലഭിച്ചു‘ – ബെനാപോൾ ഇമിഗ്രേഷൻ പോലീസിൻ്റെ ചുമതലയുള്ള ഓഫീസർ ഇംതിയാസ് അഹ്സനുൽ ക്വാദർ ഭൂയാൻ പറഞ്ഞു.
“ഇന്ത്യയിൽ നടക്കുന്ന ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാനാണ് ഞങ്ങൾ വന്നത്, എന്നാൽ സർക്കാർ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞു,” ഇസ്കോൺ അംഗം സൗരഭ് തപന്ദർ ചെളി പറഞ്ഞു.
മുൻ ഇസ്കോൺ അംഗവുമായ ചിന്മോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ പ്രശ്നങ്ങൾ ആരംഭിച്ചത് . ഇതിന് പിന്നാലെ മറ്റ് രണ്ട് പുരോഹിതരെയും അറസ്റ്റ് ചെയ്തിരുന്നു.