വയനാട്, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്കിടയിലും കോൺഗ്രസിന് തിരിച്ചടിയായി മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നേരിട്ട് തിരഞ്ഞെടുപ്പ് ചുമതല വഹിച്ച മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം ചരിത്രത്തിൽ ആദ്യമായി 20 ശതമാനത്തിൽ താഴെ പോയി.
ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം 49 ശതമാനം വോട്ട് വിഹിതത്തോടെ 288ൽ 230 സീറ്റുകളോടെ അധികാരത്തിലെത്തിയപ്പോൾ, കോൺഗ്രസ് കൂടി ഭാഗമായ മഹാ വികാസ് അഘാഡിക്ക് കിട്ടിയത് 35.3 ശതമാനം വോട്ട് വിഹിതവും 46 സീറ്റുകളും മാത്രമാണ്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകൾ പിടിച്ചപ്പോൾ കോൺഗ്രസിന് ഒറ്റയ്ക്ക് കിട്ടിയത് വെറും 16 സീറ്റുകളും.
കേരളത്തിൽ രമേശ് ചെന്നിത്തല മുന്നിൽ നിന്ന് നയിച്ച 2020 തദ്ദേശ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടു. ഇതോടെ പാർട്ടിയിൽ ഏറെക്കുറെ അപ്രസക്തനായ ചെന്നിത്തല, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തോൽവിയോടെ കൂടുതൽ ഒറ്റപ്പെടുകയാണ്.
2021ൽ കേരളത്തിൽ കോൺഗ്രസ് വിജയിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ചെന്നിത്തലയ്ക്ക് അനായാസം ലഭിക്കുമായിരുന്നു. എന്നാൽ തുടർ പരാജയങ്ങളും പാർട്ടിയിലെ പടലപ്പിണക്കങ്ങളും അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു. ചെന്നിത്തലയുടെ പിൻവലിയലോടെ എതിർ പക്ഷക്കാരുടെ കൈയ്യിലമർന്ന കോൺഗ്രസ്, 2026ൽ അധികാരത്തിലെത്തിയാലും അദ്ദേഹത്തെ പരിഗണിക്കാൻ നിലവിലെ സാഹചര്യത്തിൽ സാദ്ധ്യത കാണുന്നില്ല.