ജോഹന്നാസ്ബർഗ്: തുടർച്ചയായ രണ്ട് ഡക്കുകൾക്ക് ശേഷം സെഞ്ച്വറിയുമായി വീണ്ടും സഞ്ജു സാംസണിന്റെ രാജകീയ തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ അവസാന ടി20 മത്സരത്തിൽ 56 പന്തിൽ 109 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സ്വന്തം പേരിൽ കുറിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ പുതിയ റെക്കോർഡാണ്.
ഒരു കലണ്ടർ വർഷത്തിൽ 3 അന്താരാഷ്ട്ര ടി20 സെഞ്ച്വറികൾ നേടുന്ന ഒരേയൊരു താരമാണ് സഞ്ജു. ഈ വർഷത്തെ സഞ്ജുവിന്റെ ആദ്യ ടി20 സെഞ്ച്വറി ബംഗ്ലാദേശിനെതിരെ ആയിരുന്നു. തുടർന്ന് വന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരത്തിലും ഇപ്പോൾ അവസാന മത്സരത്തിലും സഞ്ജു സെഞ്ച്വറി നേട്ടം ആവർത്തിച്ചു.
ആറ് ബൗണ്ടറികളും ഒൻപത് സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. പ്രഹരശേഷി 194.64. മറുവശത്ത് തുടർച്ചയായ രണ്ടാം ടി20 സെഞ്ച്വറി നേടിയ തിലക് വർമ്മയ്ക്കൊപ്പം നന്നായി ആസ്വദിച്ച് കളിക്കുന്ന സഞ്ജുവിനെയാണ് ഇന്ന് വാണ്ടറേഴ്സ് കണ്ടത്.
അന്താരാഷ്ട്ര ട്വന്റി 20യിൽ തുടർച്ചയായ രണ്ട് സെഞ്ച്വറികൾ നേടിയ തിലക് വർമ്മയും സഞ്ജുവിന് പിന്നാലെ റെക്കോർഡ് ബുക്കിൽ ഇടം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് തിലക്. ഇന്നത്തെ മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 120 റൺസാണ് താരം നേടിയത്. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 86 പന്തുകളിൽ കൂട്ടിച്ചേർത്ത 210 റൺസ്, ഇന്ത്യയെ 20 ഓവറിൽ 1ന് 283 എന്ന കൂറ്റൻ സ്കോറിൽ എത്തിച്ചു.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 50 പന്തിൽ 107 റൺസാണ് സഞ്ജു നേടിയത്. ആ മത്സരം 61 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു. ഇനി ഈ കലണ്ടർ വർഷത്തിൽ സഞ്ജുവിന്റെ അടുത്ത സെഞ്ച്വറി കാത്തിരിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം. കാരണം ഈ വർഷം ഇനി ഇന്ത്യക്ക് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങൾ ഇല്ല.