ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ ഒരു ഐടി തകരാറിന്റെ വാർത്ത കേട്ടാണ് 2024 ജൂലൈ 19ന് പുലർച്ചെ യുകെയിലെ ജനങ്ങൾ ഉറക്കമുണർന്നത്. ആരോഗ്യ, വ്യോമയാന മേഖലകൾ മുതൽ സൂപ്പർ മാർക്കറ്റുകൾ, ആഗോള സാമ്പത്തിക സേവനങ്ങൾ എന്നിവയെ വരെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയ തകരാർ ലോകത്തെ ആകമാനം സ്തംഭിപ്പിച്ചു. വാർത്ത കാട്ടുതീ പോലെ പടർന്നതോടെ, വിപണിയിൽ മൈക്രോസോഫ്റ്റിന്റെ ഓഹരികൾ കൂപ്പുകുത്തി. നിക്ഷേപകർക്ക് വലിയ തോതിൽ നഷ്ടങ്ങൾ സംഭവിച്ചു.
മൈക്രോസോഫ്റ്റിന്റെ പുതിയ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്ത മിക്ക കമ്പ്യൂട്ടറുകളും താൽക്കാലികമായി പ്രവർത്തനരഹിതമായതാണ് പ്രശ്നമായത്. മൈക്രോസോഫ്റ്റിന്റെ അഷ്വർ ക്ലൗഡ് സേവനങ്ങളെ ബാധിച്ച ഐടി തകരാറാണ് വില്ലനായത്. മൈക്രോസ്ഫ്റ്റ് 365 ഉൾപ്പെടെയുള്ള ക്ലൗഡ് സോഫ്റ്റ്വെയർ പ്രോഗ്രാമുകൾക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന സൈബർസുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്ട്രൈക്ക് സമയോചിതമായി ഉണർന്ന് പ്രവർത്തിച്ചതിനാൽ തകരാർ തിരിച്ചറിഞ്ഞ് പരിഹരിക്കപ്പെട്ടുവെങ്കിലും, സംഭവം ലോകത്തിന്റെ വിവിധ കോണുകളിലും പല തരത്തിലുമുള്ള ചർച്ചകൾക്കും ആശങ്കകൾക്കും വഴി വെച്ചു.
ഐടി തകരാറിനെ കുറിച്ച് ക്രൗഡ് സ്ട്രൈക്ക് പിന്നീട് വിശദമായ പ്രസ്താവന പുറത്തിറക്കി. അപ്ഡേറ്റ് ഫയലുകളിൽ ഒരെണ്ണം കറപ്റ്റഡ് ആയിരുന്നതിനാലാണ് പ്രശ്നമുണ്ടായത് എന്നാണ് അവർ നൽകിയ വിശദീകരണം. വിൻഡോസിന്റെ കണ്ടന്റ് അപ്ഡേറ്റ് ഫയലിൽ മാത്രമാണ് പ്രശ്നമുണ്ടായത്. അപ്ഡേറ്റ് ഫയലിലെ തകരാർ മൈക്രോസോഫ്റ്റിന്റെ അഷ്വർ ക്ലൗഡ് പ്ലാറ്റ്ഫോം സേവനങ്ങളെ ബാധിച്ചു. അതേസമയം, മാക്സ്, ലിനക്സ് എന്നിവയ്ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മൈക്രോസോഫ്റ്റ് 365 പ്രോഗ്രാം ഉപയോഗിക്കുന്ന കമ്പനികളെയും സേവനങ്ങളെയും മാത്രമാണ് തകരാർ ബാധിച്ചത്.
മൈക്രോസോഫ്റ്റിന്റെയും ക്രൗഡ് സ്ട്രൈക്കിന്റെയും സാങ്കേതിക വിദഗ്ധരുടെ തീവ്രപരിശ്രമങ്ങളുടെ ഫലമായി തകരാർ പരിഹരിക്കപ്പെട്ടുവെങ്കിലും, അത് വരുത്തിവെച്ച പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരുന്നു. ലോകത്താകമാനം വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തു. വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും യാത്രക്കാരുടെ നീണ്ട നിരകൾ പ്രത്യക്ഷപ്പെട്ടു. ഡിജിറ്റൽ പണമിടപാട് സേവനങ്ങൾ തകരാറിലായി. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം മൈക്രോസോഫ്റ്റിന്റെ ഓഹരികൾ 2.9 ശതമാനം വരെ ഇടിഞ്ഞു.
പ്രശ്നം താരതമ്യേന വേഗത്തിൽ പരിഹരിക്കപ്പെട്ടുവെങ്കിലും ആശങ്ക പൂർണമായും അകന്നിട്ടില്ല എന്നാണ് ഐടി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിവിധ സൈബർ സുരക്ഷാ വീഴ്ചകൾ ഇനിയും ഐടി സംവിധാനങ്ങളെ ബാധിച്ചേക്കാം. മാല്വെയർ ആക്രമണങ്ങളിലൂടെ സംവിധാനങ്ങളെ തകരാറിലാക്കി സൈബർ അക്രമികൾ വിവരങ്ങൾ കൈക്കലാക്കുകയോ മോഷ്ടിക്കുകയോ ചെയ്തേക്കാം. ഇത്തരത്തിലുള്ള നിരവധി ഭീഷണികളെ ഇപ്പോഴും തള്ളിക്കളയാനാവില്ല.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ എയർ ഗ്യാപ്പ് മെഷർ പോലെയുള്ള മാർഗങ്ങൾ സാങ്കേതിക വിദഗ്ധർ മുന്നോട്ട് വെക്കുന്നു. ബാധിക്കപ്പെട്ട കമ്പ്യൂട്ടർ ശൃംഖലയെ പൂർണ്ണമായും ഐസൊലേറ്റ് ചെയ്യുക എന്നതാണ് ഇത്. സൈബർ ആക്രമണമുണ്ടായി എന്ന സൂചന ലഭിച്ചാൽ ഉടൻ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു.
ഏതായാലും ലോകത്തെ നിശ്ചലമാക്കിയ ബ്ലൂ സ്ക്രീൻ തകരാർ ക്രൗഡ് സ്ട്രൈക്കിനും ഭീമമായ നഷ്ടമാണ് വരുത്തി വെച്ചത്. അമേരിക്കൻ ഓഹരി വിപണിയിൽ കമ്പനിയുടെ മൂല്യം 21 ശതമാനമായി ഇടിഞ്ഞു. കേവലം മണിക്കൂറുകൾ കൊണ്ട് കമ്പനിക്ക് ഉണ്ടായ നഷ്ടം 16 ബില്ല്യൺ ഡോളറാണ് എന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.