അബുദാബി: യുവജനവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടി മുതൽക്കൂട്ടാക്കുന്നതിനും യുഎഇ നേതൃത്വം പ്രഥമ പരിഗണന നൽകുന്നതായി അറബ് യൂത്ത് സെന്റർ ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ പറഞ്ഞു.
യുവാക്കളാണ് രാജ്യത്തിന്റെ ഭാവിയും പ്രതീക്ഷയും. അവർക്ക് അറിവും വിദ്യാഭ്യാസവും പകർന്ന് നൽകുക എന്നത് പ്രധാനമാണ്. അവരുടെ അഭിരുചികളും ജീവിതലക്ഷ്യങ്ങളും പരിപോഷിപ്പിക്കാൻ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. അവരുടെ കുടുംബങ്ങളുടെയും രാജ്യത്തിന്റെയും ഭാവി അവരുടെ കൈകളിലാണ്.
പരിഷ്കൃത സമൂഹങ്ങൾ വികസിക്കുന്നതും നിലനിൽക്കുന്നതും യുവജനോർജ്ജത്തെ ആശ്രയിച്ചാണ്. അത്തരം സമൂഹങ്ങളുടെ ശക്തി വിലയിരുത്തപ്പെടുന്നത് മാനവിക മൂല്യങ്ങളോടും തങ്ങളുടെ വ്യക്തിത്വങ്ങളോടും യുവാക്കൾ പുലർത്തുന്ന കൂറിന്റെയും കർമ്മശേഷിയുടെയും അടിസ്ഥാനത്തിലാണ്.
യുവജനവിഭവശേഷി പ്രയോജനപ്പെടുത്തി മികച്ച ഭാവിയെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുമായി യുഎഇ മുന്നോട്ട് പോകുകയാണ്. ജീവിക്കാനും ജോലി ചെയ്യാനും യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുവാനും പറ്റിയ ഇടമായി യുഎഇ മാറിയിരിക്കുകയാണെന്നും ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യുവജനദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.