ദിവസവും സമയാസമയങ്ങളിൽ ചായ കുടിച്ചില്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുന്നവരാണോ നിങ്ങൾ? ഒഴിവാക്കാൻ പറ്റാത്ത വിധം ചായകുടി നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ്.
നിയന്ത്രണമില്ലാതെ ചായ കുടിക്കുന്ന ശീലം ഉപേക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന തെയീൻ, കഫീൻ തുടങ്ങിയവ അമിതമായി ശരീരത്തിൽ എത്തുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ അപകടത്തിലാക്കും. ഉത്കണ്ഠ, പേശീവലിവ്, തലവേദന എന്നിവയ്ക്കും ഇവ കാരണമാകും.
അമിതമായി ചായ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ഇത് പതിയെ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കും. ചൂടോടെ ചായ ഉള്ളിലേക്ക് എത്തുന്നത് അന്നനാളം മുതൽ കുടൽ വരെയുള്ള ദഹനാവയവങ്ങളെ അപകടത്തിലാക്കും.
മിക്ക വിദേശ രാജ്യങ്ങളിലും ഗർഭിണികളെ ചായ കുടിക്കുന്നതിൽ നിന്നും വിലക്കാറുണ്ട്. അമിതമായ അളവിൽ ചായ ഉള്ളിലേക്ക് എത്തുന്നത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.