ട്വന്റി 20 ലോകകപ്പ് വിജയത്തിന്റെ പകിട്ടിൽ നിന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ആരാധകരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു പിന്നാലെ വന്ന ഏകദിന പരമ്പരയിൽ ശ്രീലങ്കയോട് ഏറ്റ അപ്രതീക്ഷിതമായ പരാജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0നായിരുന്നു ഇന്ത്യയുടെ തോൽവി. പരമ്പരയിലെ ആദ്യ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടൈയിൽ കലാശിച്ചപ്പോൾ, രണ്ടാമത്തെയും അവസാനത്തെയും മത്സരങ്ങൾ ആധികാരികമായി വിജയിച്ചാണ് സിംഹളപ്പട പരമ്പര വിജയം ആഘോഷിച്ചത്.
27 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. പരമ്പരയിലെ അവസാന മത്സരത്തിൽ 110 റൺസിനാണ് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അടങ്ങുന്ന ഇന്ത്യൻ ടീമിനെ ശ്രീലങ്കൻ യുവനിര കെട്ടുകെട്ടിച്ചത്. 1997ലായിരുന്നു ഇതിന് മുൻപ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഏകദിന പരമ്പര വിജയിച്ചത്.
പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 249 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 26.1 ഓവറിൽ 138 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യയുടെ പുതിയ കോച്ച് ഗൗതം ഗംഭീറിന് ഈ പരാജയം അപ്രതീക്ഷിത തിരിച്ചടിയായപ്പോൾ, ഇതിഹാസ താരവും ശ്രീലങ്കൻ പരിശീലകനുമായ സനത് ജയസൂര്യക്ക് ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
എക്കാലത്തും സ്പിന്നിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ശ്രീലങ്കൻ യുവ സ്പിന്നർമാർ വട്ടം കറക്കി വീഴ്ത്തുന്ന കാഴ്ച അവിശ്വസനീയതോടെയാണ് ക്രിക്കറ്റ് ലോകം വീക്ഷിച്ചത്. രോഹിത് ശർമ്മ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിന്നത്.പരമ്പരയിൽ ആകെ 8 വിക്കറ്റുകൾ വീഴ്ത്തിയ വലം കൈയ്യൻ ലങ്കൻ ലെഗ് സ്പിന്നർ ജെഫ്രി വാൻഡർസെയാണ് ഇന്ത്യയുടെ അന്തകനായത്.
പാകിസ്താനിൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുൻപായി മറ്റ് ഏകദിന പരമ്പരകളൊന്നും ടീം ഇന്ത്യ നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ല. ഇന്ത്യ പങ്കെടുക്കുന്ന മത്സരങ്ങളുടെ വേദി പാകിസ്താനിൽ നിന്നും മാറ്റിയില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബിസിസിഐ ആലോചിക്കുന്നുണ്ട്. നിലവിലെ പ്രകടനം അടിസ്ഥാനമാക്കി വിലയിരുത്തിയാൽ, ടൂർണമെന്റിൽ ഇന്ത്യ കളിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് പറയേണ്ടി വരുമെന്നാണ് ഒരു വിഭാഗം ആരാധകർ പരിഹസിക്കുന്നത്.