കേരളത്തിന്റെ വിശാലമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ദേശീയോത്സവമാണ് ഓണം. കാർഷിക സ്മൃദ്ധിയുടെ ഗതകാല സ്മരണകൾ തുടികൊട്ടുന്ന ഓണാഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ ഇനമണ് ഓണസദ്യ. ഇതിൽ തന്നെ ആചാരപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള ഒന്നാണ് തൃക്കാക്കര ഓണസദ്യ.
ഓണാഘോഷവുമായി ബന്ധപ്പെട്ട് സമൃദ്ധമായ ചരിത്ര പ്രാധാന്യം അർഹിക്കുന്ന ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. വൈഷ്ണവ ക്ഷേത്രമായ ഇവിടെ, മഹാബലിയുടെ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത ജനങ്ങൾക്ക്, തങ്ങളുടെ വീടുകളിൽ ഓണം ആഘോഷിക്കാനുള്ള അനുമതി നൽകി, വാമനന്റെ പാദസ്പർശത്താൽ മോക്ഷം നേടി മഹാബലി മറഞ്ഞു എന്ന ഐതിഹ്യം തൃക്കാക്കരയിലാണ് നടന്നത് എന്നാണ് വിശ്വാസം. വാമനാവതാരം പൂണ്ട മഹാവിഷ്ണുവിന്റെ തൃക്കാൽ പതിഞ്ഞ ഇടം തൃക്കാൽക്കരയായി. പിന്നീട് ഇത് തൃക്കാക്കരയായി എന്നാണ് പറയപ്പെടുന്നത്.
ഓണനാളിൽ തൃക്കാക്കരയിൽ വിളമ്പുന്ന സദ്യക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഇഞ്ചിത്തൈര് ഉൾപ്പെടെ നിരവധി വിഭവങ്ങളാണ് ഇവിടെ സദ്യക്ക് തൂശനിലയിൽ വിളമ്പുന്നത്. ക്ഷേത്രാങ്കണത്തിലാണ് സദ്യ നടക്കുക.
കുലശേഖര രാജാവായ ചേരമാൻ പെരുമാൾ പ്രാദേശിക രാജാക്കന്മരുടെ വാർഷിക യോഗം വിളിച്ചിരുന്നുവെന്നും രാഷ്ട്രീയ കാരണങ്ങളാൽ നിന്നുപോയ ഈ യോഗത്തിന്റെ സ്മരണയായിട്ടാണ് ഓണം ആഘോഷിക്കപ്പെടുന്നത് എന്നും ചില ചരിത്ര രേഖകളിൽ പരാമർശമുണ്ട്. ഈ യോഗവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സദ്യവട്ടവുമാണ് പിന്നീട് ഓണാഘോഷമായി മാറിയത് എന്നാണ് പരാമർശം.
വീടിന്റെ തെക്ക് പടിഞ്ഞാറ് വശത്തായി കൊളുത്തി വെച്ച ദീപത്തെ സ്മരിച്ച്, ഓണസദ്യ കൈകൊണ്ട് വാരി ആസ്വദിച്ച് കഴിക്കണം എന്നാണ് പ്രമാണം. ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്തം മുതലുള്ള പത്ത് ദിവസങ്ങളിലും തൃക്കാക്കര ക്ഷേത്രത്തിൽ ഉത്സവമാണ്. ഉത്രാടം, തിരുവോണം ദിവസങ്ങളിൽ തൃക്കാക്കര ക്ഷേത്രത്തിൽ എത്തുന്ന എല്ലാവർക്കും സദ്യ ലഭിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ സമൂഹസദ്യക്ക് പുറമേ ആനയൂട്ടും നടക്കും.