തിരുവനന്തപുരം: ഐക്യകേരളം രൂപീകരിക്കപ്പെട്ടിട്ട് ഇന്ന് അറുപത്തിയെട്ട് വർഷം പൂർത്തിയാകുന്നു. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി, 1956 നവംബർ 1നാണ് കേരള സംസ്ഥാനം രൂപീകൃതമായത്. 1956ലെ സംസ്ഥാന പുന:സംഘടന നിയമമാണ് ഐക്യകേരള രൂപീകരണത്തിന് ആധാരം. കേരള സംസ്ഥാന രൂപീകരണത്തിൽ ഐക്യകേരള പ്രസ്ഥാനത്തിന്റെ സംഭാവനകൾ വളരെ വലുതാണ്
രൂപീകരണ സമയത്ത് 5 ജില്ലകൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. അന്ന് ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. സംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ഫെബ്രുവരി 28നാണ് കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പിൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേരളത്തിൽ അധികാരമേറ്റു. ലോക ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്.
പ്രകൃതി രമണീയമായ സംസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത്. കൃഷിക്ക് അനുയോജ്യമായ സന്തുലിതമായ കാലാവസ്ഥയാണ് കേരളത്തിലേത്. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും രാജ്യത്ത് ഏറെ മുന്നിൽ നിൽക്കുന്ന കേരളം ശുചിത്വാവബോധത്തിലും ആരോഗ്യപരിപാലന രംഗത്തും രാജ്യത്തിന് മാതൃകയാണ്. കേന്ദ്ര സർക്കാരിന്റെ വിവിധ സൂചികകളിൽ മാത്രമല്ല, മിക്ക അന്താരാഷ്ട്ര സൂചികകളിലും പല കാര്യങ്ങളിൽ കേരളം ഒന്നാമതാണ്.