ന്യൂഡൽഹി: ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി, രാഷ്ട്രപതി ഭവനിലെ സുപ്രധാനമായ രണ്ട് ഹാളുകളുടെ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രപതി ഭവന്റെ മുഖ്യ താഴികക്കുടത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപം എന്ന പേരിൽ അറിയപ്പെടും. ദേശീയ പുരസ്കാരങ്ങളുടെ വിതരണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുന്നത് ഇവിടെയാണ്. പരമാധികാരത്തെ സൂചിപ്പിക്കാൻ പ്രാചീനകാലം മുതൽ ഉപയോഗത്തിലുള്ള ഗണതന്ത്ര എന്ന പദം, ഇന്ത്യൻ റിപ്പബ്ലിക്കിനുള്ള ആദരം എന്ന നിലയിലാണ് നിലവിൽ ഉപയോഗിച്ചു വരുന്നത്.
ദർബാർ ഹാളിന് സമീപമുള്ള അശോക് ഹാൾ ഇനി മുതൽ അശോക മണ്ഡപം എന്ന പേരിലായിരിക്കും അറിയപ്പെടുക. ആംഗലേയ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം. ദുരിതങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കും ഐക്യത്തിലേക്കുമുള്ള രാഷ്ട്രീയ പ്രയാണം എന്ന അശോക ചക്രവർത്തിയുടെ ആദർശമാണ് അശോക മണ്ഡപം എന്ന ആശയത്തിന് പിന്നിൽ. സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നും എടുത്ത ദേശീയ ചിഹ്നമായ സിംഹമുദ്രയാൽ അലംകൃതമായ അശോക മണ്ഡപത്തിന് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ശിൽപ്പചാരുതയും മിഴിവേകുന്നു.
രാജ്യത്തെ പ്രഗത്ഭരായ ശിൽപ്പികൾ നിർമ്മിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതിമരുടെ ശിൽപ്പങ്ങൾ ഗണതന്ത്ര മണ്ഡപത്തിന്റെ ഇടനാഴികളിൽ സ്ഥാപിച്ചിട്ടുണ്ട്. കടും ചുവപ്പ് പശ്ചാത്തലത്തിൽ ആറ് പടുകൂറ്റൻ ബാനറുകളിലായി സുവർണ നിറത്തിലാണ് മണ്ഡപത്തിൽ ദേശീയ ചിഹ്നമായ സിംഹമുദ്ര ആലേഖനം ചെയ്തിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള ചടങ്ങുകളിൽ ഇത് മണ്ഡപത്തിന്റെ പ്രൗഢി എടുത്ത് കാട്ടും. മണ്ഡപത്തിന്റെ ആത്മീയശോഭ വർദ്ധിപ്പിക്കുന്നതിനായി, അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച ശ്രീബുദ്ധന്റെ പ്രതിമ ചെങ്കൽ നിറശോഭയിൽ മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്നു.
വിദേശരാജ്യ പ്രതിനിധികൾ പങ്കെടുക്കുന്ന നയതന്ത്ര പ്രാധാന്യമുള്ള ചടങ്ങുകളായിരിക്കും അശോക മണ്ഡപത്തിൽ നടക്കുക. രാഷ്ട്രപതി സംഘടിപ്പിക്കുന്ന വിദേശ പ്രതിനിധികൾക്കായുള്ള വിരുന്ന് സൽക്കാരത്തിന് മുന്നോടിയായുള്ള ഔദ്യോഗിക സ്വീകരണങ്ങൾക്കും ഇവിടം വേദിയാകും. തടിയിൽ തീർത്ത തറയും അലങ്കാരപ്പണികളോടും ഛായാചിത്രങ്ങളോടും കൂടിയ ചുവരുകളും മണ്ഡപത്തിന്റെ ഗാംഭീര്യം ഇരട്ടിയാക്കുന്നു. സുപ്രധാന ചടങ്ങുകളിൽ ദേശീയഗാനം ആലപിക്കുന്നതിനായി മണ്ഡപത്തിൽ പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്.
പേർഷ്യൻ നിർമ്മിതമായ പരവതാനിയും ബ്രിട്ടീഷ് നിർമ്മിതമായ പടുകൂറ്റൻ ഘടികാരവും അശോക മണ്ഡപത്തിൽ കാണാൻ സാധിക്കും. അഞ്ഞൂറ് നെയ്ത്തുകാർ രണ്ട് വർഷം കൊണ്ട് നെയ്തെടുത്തതാണ് മണ്ഡപത്തിലെ വിശിഷ്ടമായ പരവതാനി. രാഷ്ട്രപതി ഭവനെ ദേശീയ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാക്കുക എന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ആശയപൂർത്തീകരണത്തിന്റെ ഭാഗമാണ് പരിഷ്കാരങ്ങൾ എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ചരിത്രപരവും സാംസ്കാരികപരവുമായ പ്രാധാന്യത്തെ വിശാലമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി, രാഷ്ട്രപതി ഭവന്റെ ഭാഗമായ മുഗൾ ഗാർഡൻസിന്റെ പേര് കഴിഞ്ഞ വർഷം അമൃത് ഉദ്യാൻ എന്ന് മാറ്റിയിരുന്നു.