ന്യൂഡൽഹി: വ്യാജരേഖ ചമയ്ക്കലും വഞ്ചനാകുറ്റവും തെളിയിക്കപ്പെട്ട വിവാദ ഐ എ എസ് ട്രെയിനി പൂജ ഖേദ്കർക്കെതിരെ യു പി എസ് സി ശക്തമായ നടപടികള് കൈക്കൊണ്ടു. നിലവിലെ സെലക്ഷൻ നഷ്ടമാകുന്നതിന് പുറമേ ഇവർക്ക് ഇനി ഒരു പരീക്ഷകളിലും പങ്കെടുക്കാൻ സാധിക്കില്ല.
എന്നാൽ, ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ കുറ്റം ആരോപിച്ച് പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ നടക്കുന്നത് എന്നാണ് ഖേദ്കർ കോടതിയെ അറിയിച്ചത്. എന്നാൽ, സംവിധാനത്തെയാകെ അനഭിമതമായ പ്രവൃത്തിയിലൂടെ പൂജ വഞ്ചിച്ചിരിക്കുകയണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഐ എ എസ് സെലക്ഷൻ ലഭിക്കുന്നതിനായി പൂജ തന്റെ മതാപിതാക്കളുടെ പേരുകൾ തിരുത്തി. ഇത് പരീക്ഷാ സംവിധാനത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ്. ന്യായമായും തിരഞ്ഞെടുക്കപ്പെടേണ്ട മറ്റ് മത്സരാർത്ഥികളുടെ അവസരം ഇവർ ഇല്ലാതാക്കാൻ ശ്രമിച്ചു. പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഒബിസി ക്വാട്ട പ്രകാരം ക്രീമിലെയർ, നോൺ ക്രീമിലെയർ ഘടനകൾ നിലവിലുണ്ട്. പൂജയുടെ പിതാവിന് 53 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ ഉണ്ട്. എന്നാൽ ഇത് മറച്ചുവെക്കുന്നതിനായി, തന്റെ മാതാപിതാക്കൾ വിവാഹബന്ധം വേർപിരിഞ്ഞതായും താൻ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നതെന്നും വരുത്തിത്തീർക്കാൻ പൂജ ശ്രമിച്ചു. കൂടാതെ, മെഡിക്കൽ രേഖകളിലും ഇവർ ക്രമക്കേട് നടത്തി. പ്രോസിക്യൂഷൻ വ്യക്തമാക്കി.
അനുവദനീയമായതിൽ നിന്നും കൂടുതൽ തവണ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനായാണ് പൂജ അനർഹമായ ആനുകൂല്യം അവകാശപ്പെട്ടത്. നിയമവിരുദ്ധമായാണ് അവർ സർക്കാർ ഉദ്യോഗം നേടിയെടുത്തത്. ഇത് യു പി എസ് സിക്കെതിരെ മാത്രമല്ല സമൂഹത്തിനാകെ എതിരായുള്ള കുറ്റകൃത്യമാണെന്ന് യുപിഎസ്സി ചൂണ്ടിക്കാട്ടി.
അവർ പരീക്ഷാപ്രക്രിയയെ അപകീർത്തിപ്പെടുത്തി. കുറ്റകൃത്യം നിർവ്വഹിക്കുന്നതിനായി അവർ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായും യു പി എസ സി വിശദീകരിച്ചു.