പാർവതി തിരുവോത്ത്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനതായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത സ്ത്രീപക്ഷ സിനിമയായിരുന്നു ‘ഉള്ളൊഴുക്ക്’. നല്ല ചിത്രമെന്ന അഭിപ്രായം നേടിയെടുക്കാൻ സാധിച്ചുവെങ്കിലും തിയേറ്ററിൽ ചിത്രത്തിന് വിജയമാകാൻ കഴിഞ്ഞില്ല എന്നാണ് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. തിയേറ്ററുകളിൽ നിന്നും ആകെ 4.46 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചത് എന്നാണ് വിവരം.
കട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിസ്ഥാൻ ഫിലിം കമ്പനി എന്ന സ്ഥാപനം നടത്തിയ തിരക്കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തന്നെ ‘ദ് ഫ്യൂണറൽ’ എന്ന തിരക്കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഉള്ളൊഴുക്ക്. ഉര്‍വശിക്കും പാര്‍വതി തിരുവോത്തിനും പുറമേ അര്ജുൻ രാധാകൃഷ്ണൻ വീണാ രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിച്ചിരിക്കുന്നു. തിയേറ്റർ റൺ പൂർത്തിയാക്കിയ ഉള്ളൊഴുക്ക് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.