ലണ്ടൻ: തൊഴിലാളികളുടെ മിനിമം വേതനം 6.7 ശതമാനം ഉയർത്താൻ ബ്രിട്ടൺ തീരുമാനിച്ചു. വരുന്ന ഏപ്രിൽ മാസം മുതൽ ഇതിന്റെ പ്രയോജനം അർഹരായവർക്ക് ലഭിക്കും. തൊഴിൽ ഉടമകളുടെ എതിർപ്പുകളെ മറികടന്നാണ് തീരുമാനം.
ചിലവഴിക്കലിലും നിക്ഷേപങ്ങളിലും നികുതികളിലും വൻ വർദ്ധന പ്രതീക്ഷിക്കുന്ന തന്റെ കന്നി ബജറ്റിന്റെ പശ്ചാത്തലത്തിലാണ് മിനിമം വേതനം ഉയർത്താനുള്ള തീരുമാനം ധനകാര്യ മന്ത്രി റെയ്ച്ചൽ റീവ്സ് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ജീവിത ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.
വരുന്ന സാമ്പത്തിക വർഷം മിനിമം വേതനം 3.9 ശതമാനം വർദ്ധിപ്പിക്കും എന്നായിരുന്നു മുൻ കൺസർവേറ്റീവ് സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഇത് 6.7 ശതമാനം ഉയർത്താൻ നിലവിലെ ലേബർ സർക്കാർ തയ്യാറാകുന്നതോടെ, മണിക്കൂറിൽ 11.44 പൗണ്ടിൽ നിന്നും 12.21 പൗണ്ടായി വേതനം ഉയരും. യുവ തൊഴിലാളികളുടെ വേതനത്തിലും ഇതോടെ ആനുപാതികമായ വർദ്ധനവ് ഉണ്ടാകും. മുപ്പത് ലക്ഷം തൊഴിലാളികൾക്ക് നേരിട്ട് ഇതിന്റെ പ്രയോജനം ലഭിക്കും.
അതേസമയം, മിനിമം വേതനം ഈ സാഹചര്യത്തിൽ ഉയർത്തുന്നത് വ്യവസായികളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും നിക്ഷേപകരിൽ ആശങ്കക്ക് വക നൽകുമെന്നുമാണ് തൊഴിൽ ഉടമകളുടെ വാദം. ബാങ്കുകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.