ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ മാരകമായ എംപോക്സ് ബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. എംപോക്സിന്റെ വ്യാപന ശേഷി കൂടിയ വകഭേദമാണ് നിലവിൽ വിവിധ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം പ്രസ്താവനയിൽ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇത് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് നയിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിലെ എംപോക്സ് വ്യാപനം നേരിടാൻ അടിയന്തിരമായി ഒരു മില്ല്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 10 ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.
റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധയിൽ 96 ശതമാനവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്. ഇതിൽ 70 ശതമാനവും 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ആകെ മരണങ്ങളിൽ 85 ശതമാനവും കുട്ടികളാണ്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് പുറമേ ബുറുണ്ടി, റുവാണ്ട എന്നിവിടങ്ങളിലും രോഗം പടർന്ന് പിടിക്കുകയാണ്. കൂടാതെ, കെനിയയിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
എംപോക്സിന്റെ അത്യന്തം മാരക വകഭേദമാണ് നിലവിൽ ആഫ്രിക്കയിൽ വ്യാപിക്കുന്നത്. ഇതിന് വ്യാപന ശേഷിയും കൂടുതലാണെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
ലൈംഗീക ബന്ധം ഉൾപ്പെടെ, രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് എംപോക്സ് പകരുന്നത്. 2022ൽ എഴുപതിലധികം രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ലോകാരോഗ്യ സംഘടന എംപോക്സ് വ്യാപനത്തെ ആഗോള അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. സ്വവർഗാനുരാഗികളിൽ അന്ന് ഇതിന്റെ വ്യാപന തോത് വളരെ കൂടുതലായിരുന്നു.
വാക്സിനുകളിലൂടെയും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളിലൂടെയും എം പോക്സ് വ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്താൻ പാശ്ചാത്യ രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നുണ്ട്. എന്നാൽ, ആഫ്രിക്കൻ രാജ്യങ്ങളുടെ അവികസിതമായ പശ്ചാത്തലം രോഗബാധയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണെന്നും സംഘടന നിരീക്ഷിക്കുന്നു.