ന്യൂഡൽഹി: കൂടുതൽ തൊഴിലവസരങ്ങളും മികച്ച സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കന്നി ബജറ്റ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. എന്നാൽ ബജറ്റ് നിരാശാജനകവും സഖ്യകക്ഷികളെ ഒപ്പം നിർത്താനുള്ള അഭ്യാസവും എന്നാണ് പ്രതിപക്ഷ നേതാക്കളുടെ വിമർശനം.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും യുവാക്കൾക്ക് വൈദഗ്ധ്യ പരിശീലനത്തിന് കൂടുതൽ അവസരങ്ങൾ നൽകുകയും ചെറുകിട വ്യവസായങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകുകയും വഴി ആഭ്യന്തര വളർച്ച വേഗത്തിലാക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് സുസ്ഥിരമാണ്. പ്രതീക്ഷിത നിരക്കായ 4 ശതമാനത്തിലേക്ക് അത് അടുക്കുകയാണ്. അതേസമയം മുൻസാമ്പത്തിക വർഷം രാജ്യത്തിന്റെ സമ്പദ്ഘടന 8.2 ശതമാനം വളർച്ച കൈവരിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി. വരും വർഷങ്ങളിലും രാജ്യത്തിന്റെ സാമ്പത്തിക മേഖല തിളക്കമാർന്ന മുന്നേറ്റം നടത്തുമെന്നും നിർമ്മല സീതാരാമൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
മദ്ധ്യവർഗത്തിന് കൂടുതൽ പ്രയോജനപ്പെടുന്ന തരത്തിൽ ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു. പുതിയ നികുതി ഘടന പ്രകാരം ഒരു നികുതിദായകന് പ്രതിവർഷം ശരാശരി 17,500 രൂപ വരെ നികുതിയിൽ ഇളവ് ലഭിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്ന ആരോപണം കേന്ദ്ര സർക്കാർ സഗൗരവം പരിഗണിക്കുകയാണ് എന്നതിന്റെ സൂചനയും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ പ്രകടമായിരുന്നു. വരുന്ന അഞ്ച് വർഷത്തേക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 24 ബില്ല്യൺ ഡോളറിന്റെ പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് വായ്പകൾ നൽകാൻ ഇതിൽ വലിയൊരു പങ്ക് തുക വിനിയോഗിക്കും. കാർഷിക മേഖലയിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പരിഷ്കരണങ്ങൾ വരുത്തുന്നതിനുള്ള ഗവേഷണങ്ങൾക്ക് വേണ്ടി 18 ബില്ല്യൺ ഡോളറും വകയിരുത്തി.
പാവപ്പെട്ടവർക്ക് വീടുകൾ, സ്കൂളുകൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ തുടങ്ങിയവയുടെ നിർമ്മാണം ഉൾപ്പെടുന്ന അടിസ്ഥാനസൗകര്യ വികസനത്തിനായി 133 ബില്ല്യൺ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ കൂടുതൽ തുകയും പോകുന്നത് ആന്ധ്രാ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലേക്കാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മോദി സർക്കാരിന്റെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. ജനതാ ദൾ ഭരിക്കുന്ന ബിഹാറിലെ കിഴക്കൻ മേഖലയിൽ വിമാനത്താവളങ്ങളും മെഡിക്കൽ കോളേജുകളും സ്പോർട്സ്, ടൂറിസം സംവിധാനങ്ങളും ഒരുക്കുന്നതിനായി കൂടുതൽ തുക വകയിരുത്തിയത് പ്രതിപക്ഷം വിവാദമാക്കുന്നു. എന്നാൽ വിവാദം അടിസ്ഥാനരഹിതമാണെന്നും, രാജ്യത്തെ ഏറ്റവും പിന്നാക്ക മേഖലകളിൽ ഒന്നാണ് കിഴക്കൻ ബിഹാർ എന്നുമാണ് ബിജെപി വക്താക്കൾ തിരിച്ചടിക്കുന്നത്.
രാജ്യത്തെ മികച്ച വളർച്ചയിലേക്കും അതുവഴി ശോഭനമായ ഭാവിയിലേക്കും നയിക്കുന്നതാണ് ബജറ്റ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിലേക്കുള്ള ഉല്പ്രേരകമാണ് ഈ ബജറ്റെന്നും അദ്ദേഹം വിലയിരുത്തി. നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ, നടപ്പ് സാമ്പത്തിക വർഷം 6.5 മുതൽ 7 ശതമാനം വരെ വളർച്ച കൈവരിക്കും എന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.
തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ 10 ദശലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനായി പ്രബലമായ 500 കമ്പനികളിൽ 12 മാസത്തെ ശമ്പളത്തോട് കൂടിയുള്ള നൈപുണ്യ പരിശീലന പരിപാടികൾക്ക് തുടക്കം കുറിയ്ക്കും. പരിശീലന ചിലവ് അതത് കമ്പനികൾ വഹിക്കും എന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമാണ് എന്ന യാഥാർത്ഥ്യം സർക്കാരിന് മുന്നിലുണ്ട്.
നടപ്പ് സാമ്പത്തിക വർഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 4.9 ശതമാനമായി ധനക്കമ്മി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ പ്രതീക്ഷിത ലക്ഷ്യം 5.1 ശതമാനമായിരുന്നു.
ഇന്ത്യയുടെ ഭാവി ഊർജ്ജ ആവശ്യകതയിൽ സർക്കാരിന് പ്രത്യേക ശ്രദ്ധയുണ്ട്. ഇതിനായി 800 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള, കൽക്കരി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന താപോർജ്ജ നിലയം സ്ഥാപിക്കും. കൂടാതെ, ചെറുകിട- ഇടത്തരം ആണവ റിയാക്ടറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
പ്രളയക്കെടുതികളെ നേരിടാൻ 1.37 ബില്ല്യൺ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് മഴക്കെടുതികളും പ്രളയങ്ങളും ഹിമപാതങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണ് ഇത്.