നാൽപ്പത്തിയൊന്നാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച പോർച്ചുഗീസ് സെൻട്രൽ ഡിഫൻഡർ പെപെയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ലോകമെമ്പാടുമുള്ള ആരാധകവൃന്ദം. പോർച്ചുഗീസ് ദേശീയ ടീമിന് പുറമേ റയൽ മാഡ്രിഡിനും പോർട്ടോയ്കും വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള താരം ഓഗസ്റ്റ് 8നാണ് മൈതാനങ്ങളോട് വിട പറഞ്ഞത്.
പോർച്ചുഗീസ് ഭാഷയിൽ നന്ദി എന്ന് അർത്ഥം വരുന്ന ‘ഒബ്രിഗാഡോ‘ എന്ന തലക്കെട്ടിനൊപ്പം സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തന്റെ ഫുട്ബോൾ കരിയറിൽ നേടിയ 31 ട്രോഫികളും വീഡിയോയിൽ പെപെ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രൊഫഷണൽ ഫുട്ബോളർ എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അമ്മയ്ക്ക് താരം നന്ദി പറയുന്നു. ഒപ്പം കുടുംബാംഗങ്ങൾക്കും ആരാധകർക്കും സഹതാരങ്ങൾക്കും ക്ലബ് പ്രസിഡന്റുമാർക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തുന്നു.
ഫുട്ബോളിന്റെ കളിത്തൊട്ടിലായ ബ്രസീലിൽ ജനിച്ച് പോർച്ചുഗലിൽ വളർന്ന താരമാണ് പെപെ. 894 മത്സരങ്ങൾ നീണ്ടുനിന്ന സുദീർഘമായ കരിയറിലെ അവസാന മത്സരം അദ്ദേഹം കളിച്ചത് ജർമ്മനിയിൽ 2024ൽ നടന്ന യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലായിരുന്നു.
1983ൽ ബ്രസീലിലെ തന്റെ മാതൃനഗരമായ മാസിയോയിൽ കൊരിന്ത്യൻസ് അലഗൊവാനൊക്ക് വേണ്ടിയാണ് കെപ്ലർ ലവേറൻ ഡെ ലിമ ഫെറെയിര പെപെ ആദ്യമായി ബൂട്ടണിഞ്ഞത്. 2001ൽ തന്റെ പതിനൊന്നാം വയസ്സിൽ കീശയിലെ അഞ്ച് യൂറോയുമായി പോർച്ചുഗലിൽ എത്തിയ അദ്ദേഹം മാരിട്ടിമോയിൽ തന്റെ കരിയറിന് പുതിയ തുടക്കം നൽകി.
മൂന്ന് വർഷങ്ങൾക്ക് ശേഷം പോർട്ടോയുമായി കരാറിലെത്തിയ പെപെ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു പോർച്ചുഗീസ് കപ്പും സ്വന്തമാക്കി. തുടർന്ന് 2010ൽ അദ്ദേഹം റയൽ മാഡ്രിഡിലെത്തി.
റയൽ മാഡ്രിഡിന്റെ നിർണായക ശക്തിയായി വളർന്ന പെപെ 334 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. 3 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, 2 ഫിഫ ക്ലബ് ലോക കിരീടങ്ങൾ, 2 യുവേഫ സൂപ്പർ കപ്പുകൾ, 3 ലാ ലിഗ കിരീടങ്ങൾ, 2 കോപ ഡെൽ റെ കിരീടങ്ങൾ, 2 സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിവ പിന്നീട് അദ്ദേഹത്തിന്റെ ശേഖരത്തിലെത്തി. 2019ൽ തുർക്കിഷ് ക്ലബ് ബെസിക്റ്റാസിൽ എത്തിയ അദ്ദേഹം അധികം വൈകാതെ വീണ്ടും പോർട്ടോയിൽ മടങ്ങിയെത്തി.
കരിയറിന്റെ അവസാന കാലത്ത് മാതൃക്ലബ്ബായ പോർട്ടോയെ ക്യാപ്ടൻ എന്ന നിലയിൽ മുന്നിൽ നിന്ന നയിച്ച പെപെ, തുടർച്ചയായ കിരീട നേട്ടങ്ങളിലൂടെ ടീമിനെ ഉന്നതങ്ങളിൽ എത്തിച്ചു. രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, നാല് പോർച്ചുഗീസ് കപ്പുകൾ, ഒരു ലീഗ് കപ്പ് എന്നിവ പെപെയുടെ ചുമലിലേറി പോർട്ടോയിലെത്തി.
2007ൽ പോർച്ചുഗീസ് പൗരത്വം സ്വന്തമാക്കിയ പെപെ, 141 മത്സരങ്ങളിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ചു. നാല് ലോകകപ്പുകളിലും അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും അദ്ദേഹം പറങ്കിപ്പടയുടെ പ്രതിരോധം കാത്തു.
2016ൽ ഫ്രാൻസിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് പോർച്ചുഗൽ സ്വന്തമാക്കിയപ്പോൾ ടൂർണമെന്റിൽ നിർണായക പ്രകടനമായിരുന്നു പെപെ കാഴ്ചവെച്ചത്. 2019ലെ യുവേഫ നേഷൻസ് ലീഗ് കിരീടവും പോർച്ചുഗലിന് നേടിക്കൊടുക്കുന്നതിൽ അദ്ദേഹത്തിന്റെ പാദമുദ്ര സുപ്രധാനമായി.
പ്രൊഫഷണലിസം, ആത്മസമർപ്പണം സർവ്വോപരി ഫുട്ബോൾ എന്ന ഗെയിമിനോടുള്ള തീവ്രമായ അഭിനിവേശം, ഇവയെല്ലാം തികഞ്ഞ ഒരു മികച്ച പോരാളിക്ക് ഉദാഹരണമാണ് പെപെ എന്നാണ് ആരാധകർ രേഖപ്പെടുത്തുന്നത്.