ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ചയെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതിപക്ഷം വീഡിയോ കൂടി പുറത്തുവിട്ട സാഹചര്യത്തിൽ വിശദീകരണവുമായി ലോക്സഭാ സെക്രട്ടറിയറ്റ്. ചോർച്ച സാരമുള്ളതല്ല. വിഷയം കൃത്യമായി പരിശോധിച്ചു. ലോബിക്ക് മുകളിലെ സ്ഫടിക കമാനം ഉറപ്പിക്കുന്നതിനായി ഉപയോഗിച്ച പശയാണ് ചോർച്ചയ്ക്ക് കാരണമെന്ന് സെക്രട്ടറിയറ്റ് വിശദീകരിച്ചു.
സ്വാഭാവിക പ്രകാശം മന്ദിരത്തിനുള്ളിൽ ലഭിക്കുന്നതിന് വേണ്ടിയാണ് സ്ഫടിക താഴികക്കുടം സ്ഥാപിച്ചത്. ചോർച്ച ഒരിടത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അത് അതിവേഗം പരിഹരിച്ചുവെന്നും ലോക്സഭാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോബിയിൽ നിന്നും വെള്ളം ചോരുന്നതും, ചോർന്ന വെള്ളം ശേഖരിക്കാൻ ബക്കറ്റ് സ്ഥാപിച്ചതുമായ വിവരം ദൃശ്യങ്ങൾ സാഹിതം കോൺഗ്രസ് എം പി മാണിക്കും ടാഗോർ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. വിഷയം പാർലമെന്റ് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.